സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവര്‍ക്കും ദാമ്പത്യം

 

സി.വി എബ്രഹാം

വിവാഹമെന്ന പദത്തിന് പങ്കാളികള്‍ സ്ത്രീയും പുരുഷനുമായിരിക്കണമെന്നതിനൊരു സ്ഥിരീകരണം തേടി ഭാഷാ നിഘണ്ടുക്കള്‍ പലതും തിരഞ്ഞപ്പോളാണ് അങ്ങനെയൊരു നിബന്ധന ദീര്‍ഘദര്‍ശികളായ ഭാഷാ പണ്ഡിതര്‍ സൗകര്യ പൂര്‍വം വേണ്ടെന്നു വച്ചിരുന്നെന്നു മനസ്സിലായത്.

കാപ്പിപൊടിയച്ചന്റെ കുടുംബത്തെപ്പറ്റിയുള്ള നിര്‍വചനം, `കൂടുമ്പോള്‍ ഇമ്പമുള്ളതിനെയാണ് കുടുംബമെന്നു` വിളിക്കുന്നതെന്നാണ്. അറിവിന്റെ ഭണ്ഡാണ്ടാരങ്ങളായ വചനപ്രഘോഷകര്‍, സ്ത്രീയും പുരുഷനും ഒന്നിച്ചു ചേര്‍ന്നാലാണ് കുടുംബമുണ്ടാവുന്നതു എന്ന് തറപ്പിച്ചു പറയാതിരിക്കുന്നത് അതിലെ പിശക് മനസ്സിലാക്കിയിട്ടു തന്നെയായിരിക്കണം.

അതെ, കൂടുമ്പോള്‍ ഇമ്പമുള്ളതിനെ നമുക്ക് കുടുംബമെന്നു വിളിക്കാം, അത് രണ്ടു സ്ത്രീകള്‍ ചേര്‍ന്നിട്ടുള്ളതായാലും രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് രൂപം കൊടുക്കുന്നതായാലും അതല്ല ആണും പെണ്ണും ചേര്‍ന്നിട്ടുള്ളതായായാലും.

അതിനര്‍ത്ഥം കുടുംബത്തിന്റെ അടിക്കല്ലായി കണക്കാക്കപ്പെടുന്ന വിവാഹമെന്നാല്‍, പരസ്പരം സ്‌നേഹിച്ചും, മനസ്സിലാക്കിയും ഒരു കൂരക്കുള്ളില്‍ ഒന്നിച്ചു കഴിയുവാനുള്ള, രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടി എന്ന് മാത്രം. പങ്കാളികളില്‍ ഒരാള്‍ സ്ത്രീയും മറ്റെയാള്‍ പുരുഷനുമാകണമെന്ന് നിര്‍വചനത്തിലില്ല!

വിവാഹവും കുടുംബവും കുട്ടികളുമൊക്കെ സമൂഹത്തിലെ ബഹുഭൂരിപക്ഷമായ, പ്രകൃതിദത്തമായ അഭിരുചികളുള്ളവരെന്നു സ്വയം വിലയിരുത്തിയിരിക്കുന്നവര്‍ക്കു വേണ്ടി മാത്രം സംവരണം ചെയ്തിരിക്കുന്നെന്നു പറയാം. കുട്ടികളെ ജനിപ്പിക്കാനും മനുഷ്യ വംശത്തിന്റെ നില നില്പിനുമുള്ള സമൂഹം അംഗീകരിച്ച ഒരു സംവിധാനമായി വിവാഹത്തെ വിലയിരുത്തുമ്പോള്‍, വിവാഹിതരായ ഇണകള്‍ അവരുടെ ഉദ്ദേശം 50 വര്‍ഷത്തെ ദാമ്പത്യത്തില്‍ ഇന്ത്യയിലാണെങ്കില്‍ 2.2 ഉം അത് യൂറോപ്പിലാണെങ്കില്‍ 1.5 ഉം ചൈനയിലോ അമേരിക്കയിലോ ആണെങ്കില്‍ 1. 7 ഉം കുട്ടികളെയാണ് വംശവര്‍ധനയ്ക്കായി സംഭാവന ചെയ്യുന്നത്. ബാക്കിയുള്ള ജീവിതം അവരുടെ വ്യക്തിപരമായ സുഖത്തിനുവേണ്ടി മാത്രമാണെന്ന് കാണാം.

എല്ലാ വിവാഹിതരുടെയും ആത്യന്തികമായ ലക്ഷ്യം സന്താനോത്പാദനമല്ല. കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നവര്‍ മുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും വിവാഹിതരാവുകയും ഇണയോടുള്ള സ്‌നേഹം ജീവിതകാലം മുഴുവന്‍ നിലനിറുത്തിപ്പോരുകയും ചെയ്യുന്നവരുണ്ട്. അതായത് വിവാഹത്തെയോ കുടുംബ സംവിധാനത്തെയോ കുട്ടികളെ ജനിപ്പിക്കാനുള്ള ഒന്നായി മാത്രം കാണുന്നതില്‍ അര്‍ത്ഥമില്ലെന്ന്.

കുട്ടികളുണ്ടാവുക മാത്രമല്ല ലക്ഷ്യമെന്ന് നമ്മള്‍ വിലയിരുത്തിയാല്‍ അല്ലെങ്കില്‍ സ്‌നേഹം മാത്രമാണ് വിവാഹം കൊണ്ട് ഒന്നിക്കുകയും കുടുംബമായി കൂടുകായും ചെയ്യുന്നതിന്റെ മൂലകാരണമെന്നു നമ്മള്‍ അടിവരയിടുമ്പോള്‍ പരസ്പരം സ്‌നേഹിക്കുന്നവരില്‍ ചിലര്‍ക്കു മാത്രം അല്ലെങ്കില്‍ ഭൂരിപക്ഷം അംഗീകരിക്കുന്നവര്‍ക്കു മാത്രം അത് അനുവദനീയവും അല്ലാത്തവര്‍ക്ക് നിഷിദ്ധവുമാവുന്നതില്‍ എന്താണ് യുക്തി?

കാലാകാലങ്ങളായി നാം പിന്തുടര്‍ന്നു പോരുന്ന വിശ്വാസങ്ങളില്‍ പലതും ശാസ്ത്രീയമായ അടിത്തറയില്ലാത്തവയാണ്. പ്രകൃതിദത്തമെന്നും പ്രകൃതി വിരുദ്ധമെന്നുമുള്ള കാഴ്ചപ്പാടുകളുടെ തുടക്കം തന്നെ പ്രാകൃത മനുഷ്യരില്‍ നിന്നാണ്, പിന്നീടത് ഗോത്രങ്ങളുടെ, മതങ്ങളുടെയൊക്കെ തിട്ടൂരങ്ങളായി മാറി.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ പോലും അവയില്‍ നിന്നും വ്യതിചലിച്ചു മറ്റൊരു ചിന്തയെ അംഗീകരിക്കുവാനോ മാറി ചിന്തിക്കുവാനോ സാധ്യമല്ലാത്ത വിധം അത് നമ്മുടെ ചിന്താമണ്ഡലത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

സൂര്യന്‍ ഭൂമിയെ ചുറ്റിയ കാലത്തിനു വിടുതല്‍ നല്‍കി മറിച്ചു ചിന്തിക്കുവാനോ 450 ഓളം ജീവജാലങ്ങള്‍ മനുഷ്യസൃഷ്ടിയായ പ്രകൃതി വിരുദ്ധത സ്വതസിദ്ധമാണെന്നു സാക്ഷ്യപ്പെടുത്തുമ്പോളും അതിനെ അംഗീകരിക്കാനോ പ്രകൃതി നിയമങ്ങളുടെ ഉടയോന്മാരെന്നു സ്വയം വിശേഷിപ്പിക്കുന്നവരില്‍ ഭൂരിപക്ഷവും തയാറല്ല.

മനുഷ്യജന്മത്തിന്റെ ആത്യന്തിക ലക്ഷ്യം തന്നെ പ്രത്യുത്പാദനമെന്നു ധരിച്ചു വച്ചിരിക്കുന്ന ഈ ബഹുഭൂരിപക്ഷ0 ആ കഴിവുകളില്ലാതെയും അല്ലെങ്കില്‍ വ്യത്യസ്തമായ ജനതിക ഘടനകളോടെയും ജനിക്കുന്നവരെ ഒരു സാധാരണ ജന്മമായി അംഗീകരിക്കുവാന്‍ പോലും വിമുഖത കാട്ടുന്നവരാണ്.

ഉത്പാദനശേഷിയില്ലാത്തവരെയും, സ്വവര്‍ഗ്ഗത്തോടു മാത്രം അടുപ്പം തോന്നുന്നവരെയും സാധാരണ മനുഷ്യരായി അംഗീകരിക്കാന്‍ പോലും തയാറാവാത്തവരുടെ ഈ സമീപനത്തെ മനുഷ്യാവകാശലംഘനമെന്നു തന്ന വിലയിരുത്തേണ്ടിയിരിക്കുന്നു.

ട്രാന്‍സ്‌ജെന്‍ഡേര്‍സ് മുതല്‍ ഇന്ത്യയില്‍ ഹിജഡകളെന്ന പേരില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അയിത്തം കല്പിച്ചു മാറ്റിനിറുത്തപ്പെട്ടിരിക്കുന്നവരും സ്വവര്‍ഗ പ്രേമികളും മാത്രമല്ല ഭിന്ന അഭിരുചികളോടെ പിറന്നു വീഴുന്ന എല്ലാ ജന്മങ്ങളും നമ്മുടെ സമൂഹത്തില്‍ അയിത്തം കല്പിക്കപ്പെട്ടവരാണ്.

ഒരു ജനകീയ വോട്ടെടുപ്പിലൂടെ 64 % പേര്‍ സ്വ വര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി വിധിയെഴുതിയ സ്വിറ്റസര്‍ലാന്‍ഡ്, വ്യത്യസ്ത താല്പര്യങ്ങളോടെ അല്ലെങ്കില്‍ ജനിതക ഘടനകളോടെ പിറന്നു വീഴാന്‍ വിധിക്കപ്പെട്ടവരെയും സാധാരണ മനുഷ്യ ജന്മങ്ങളായി തന്നെ അംഗീകരിക്കണമെന്ന ധാര്‍മികതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്വവര്‍ഗ വിവാഹത്തിനു നിയമപരിരക്ഷ നല്‍കിയിട്ടുള്ള മറ്റു 28 രാജ്യങ്ങളുടെ കൂടെ, പട്ടികയില്‍ ഇടം പിടിക്കുമ്പോള്‍ പലര്‍ക്കും സാധാരണ ഗതിയില്‍ തോന്നാവുന്ന ഒരു സംശയമാണ് ഈ രാജ്യങ്ങളിലെ ജനങ്ങളെല്ലാം,അതും ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ വളര്‍ന്നു വന്നവര്‍, എന്തെ ഇങ്ങനെ ആയിപ്പോയതെന്ന്; അവരില്‍ ഭൂരിഭാഗവും എങ്ങനെ പ്രകൃതി വിരുദ്ധ ഇടപെടലുകള്‍ സ്വാഭാവമാക്കിയ അസാന്മാര്‍ഗികളായിപ്പോയി എന്ന്.

ഈ നാട്ടിലെ ജനങ്ങള്‍ മനുഷ്യാവകാശത്തിനും മാനവികതയ്ക്കുമൊക്കെ എത്രമാത്രം വില കൊടുക്കുന്നു എന്നത് ഈ വിധിയെഴുത്തുകളെ ആഴത്തില്‍ അവലോകനം ചെയ്യുമ്പോള്‍ മാത്രമാണ് നമുക്ക് മനസ്സിലാവുക.

2001ല്‍ നെതര്‍ലണ്ടിലാണ് ആദ്യമായി സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള തീരുമാനമുണ്ടാവുന്നത്. അതിനെ പിന്തുടര്‍ന്ന് മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും അമേരിക്കയിലെ ചില പ്രവിശ്യകളുമൊക്കെ ഈ പുരോഗമന ചിന്ത പിന്തുടര്‍ന്ന് നിയമഭേദഗതികള്‍ വരുത്തിയെങ്കിലും, ഇവിടങ്ങളിലെ വളരെ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് പ്രകൃതിദത്തമായ മനുഷ്യ വാസനകളോട് ഇണങ്ങിച്ചേരാത്തവര്‍.

അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം സ്വിറ്റസര്‍ലണ്ടില്‍ നിന്ന് തന്നെയാവട്ടെ; 2007ല്‍ സ്വവര്‍ഗ്ഗസ്‌നേഹികള്‍ക്കു നിയമപരമായി രജിസ്റ്റര്‍ ചയ്തത് ഒരുമിച്ചു ജീവിക്കുവാനുള്ള അവസരം നിലവില്‍ വന്ന സ്വിറ്റസര്‍ലണ്ടില്‍ വെറും 600 ഓളം സ്വവര്‍ഗ്ഗ ഇണകള്‍ മാത്രമാണ് വര്‍ഷ0 തോറും ഈ അവസരം ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്തിരുന്നത്.

വെറും ഒരു രെജിസ്‌ട്രേഷന്‍ കൊണ്ടു മാത്രം വിവാഹിതരായ ദമ്പതികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമല്ലാതിരുന്നതുകൊണ്ടാണ് ഇവരുടെ ദീര്‍ഘ നാളത്തെ ആവശ്യമായിരുന്ന, സാധാരണ സ്ത്രീപുരുഷ വിവാഹം പോലെ തന്നെ, വിവാഹം രജിസ്റ്റര്‍ ചെയ്തു ജീവിക്കുവാനുള്ള അവസരം തങ്ങള്‍ക്കും ലഭ്യമാക്കണമെന്നുള്ള അവരുടെ കാലങ്ങളായുള്ള അഭ്യര്‍ത്ഥന അവസാനം ജനഹിത പരിശോധനയ്ക്കെത്തിയത്.

തല്‍ഫലമായി, 8 മില്യണിലധികം ജനസംഖ്യയുള്ള സ്വിറ്റസര്‍ലണ്ടില്‍, വിരലിലെണ്ണാന്‍ മാത്രമുള്ള സ്വവര്‍ഗപ്രേമികള്‍ക്കും, സാധാരണ വിവാഹിതര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവസരങ്ങളും നല്‍കിക്കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തു നിറുത്തുവാന്‍ സ്വിസ്സ് ജനത ധിയെഴുതുകയായിരുന്നു.

ഈ തീരുമാനത്തിലൂടെ ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന അവസരങ്ങള്‍ എന്തൊക്കെയെന്നറിയുമ്പോളാണ് എത്രമാത്രം ഗൗരവത്തോടെയാണ് ഈ വിഷയത്തെ അവര്‍ സമീപിച്ചിരിക്കുന്നതെന്നു നമുക്ക് മനസ്സിലാവുക.

വിവാഹിതരാവുന്നു സ്ത്രീ ദമ്പതികള്‍ക്കും, പുരുഷ ദമ്പതികള്‍ക്കും കുട്ടികളെ ദത്തെടുക്കുവാനുള്ള അവസരം.
സ്ത്രീ ദമ്പതികള്‍ക്ക് സെമന്‍ ബാങ്കുകളില്‍ നിന്നും തങ്ങളുടെ ഭാവനയിലുള്ള പുരുഷബീജം തിരഞ്ഞെടുത്തു ഗര്‍ഭം ധരിക്കുവാനും കുഞ്ഞിനെ പ്രസവിക്കുവാനുമുള്ള അവസരം.

പ്രസവശേഷം സാധാരണയായി പിതാക്കന്മാര്‍ക്കു മാത്രം നല്‍കി വരുന്ന പ്രസവാവധി സ്ത്രീ ഇണകള്‍ക്കും ലഭ്യമാക്കുക വഴി ആനുകൂല്യങ്ങള്‍ക്ക് ലിംഗഭേദം മാനദണ്ഡമല്ല എന്ന് ഭരണാധികാരികള്‍ ഉറപ്പു നല്‍കിയിരിക്കുന്നു.

ബീജ ദാതാവുമായി യാതൊരു ബന്ധവുമുണ്ടണ്ടായിരിക്കില്ലെന്നു മാത്രമല്ല, ദാതാവിനു കുട്ടിയുടെ മേല്‍ യാതൊരു വിധത്തിലുള്ള അവകാശങ്ങളോ, ഉത്തരവാദിത്വങ്ങളോ ഉണ്ടായിരിക്കുന്നതുമല്ല.

കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ ബീജ ദാതാവിനെ പരിചയപ്പെടണമെന്നുണ്ടെങ്കില്‍ മാത്രം അവസരമൊരുക്കും.

പുരുഷ ദമ്പതികള്‍ക്ക് വാടക അമ്മമാരിലൂടെ അണ്ഡ ബാങ്കുകളില്‍ നിന്നും അണ്ഡം ശേഖരിച്ചു കുഞ്ഞിന് ജന്മം നല്‍കാം.

ടാക്‌സ് ആനുകൂല്യങ്ങളും പിന്തുടര്‍ച്ചാവകാശങ്ങളുമെല്ലാം ഒരു സാധാരണ കുടുംബത്തിന്റേതു പോലെ തന്നെ.
ഇനി ഒരു ഇണ പിരിയല്‍ സംഭവിക്കുന്നെങ്കില്‍ സാധാരണ ദമ്പതികളുടെ വേര്‍ പിരിയലില്‍ സംഭവിക്കുന്നതുപോലെ തന്നെ സ്വത്തു പങ്കു വയ്ക്കല്‍, കുട്ടികളുണ്ടെങ്കില്‍ അവരുടെ ഭാവി തുടങ്ങി എല്ലാം നിയമവ്യവസ്ഥയ്ക് വിധേയമായി മാത്രമേ നടപ്പിലാവുകയുള്ളു.

അമ്മമാരോ അച്ഛന്മാരോ മാത്രം വളര്‍ത്തുന്ന, മാതാ പിതാ സങ്കല്പങ്ങളെ എഴുതിത്തള്ളുന്ന ഈ പുതിയ സമീപനം മനുഷ്യകുലത്തിനു തികച്ചും പുതുമയേറിയതാണ്

പിറന്നു വീഴുന്ന കുഞ്ഞിനെ സ്‌നേഹ ലാളനകളില്‍ അമ്മിഞ്ഞപ്പാലു നല്‍കി വളര്‍ത്താന്‍ അമ്മയോളം പോന്ന മറ്റാരുമില്ലെന്ന സങ്കല്‍പം, അച്ഛന്റെ സ്‌നേഹത്തെ അമ്മയുടേതുമായി താരതമ്യം ചെയ്യാന്‍ പോലും സാധ്യമല്ലെന്ന മനുഷ്യ മനസ്സുകളില്‍ ആഴ്ന്നിറങ്ങിയിരിക്കുന്ന ചിന്ത; പിതാവിന്റെ സംരക്ഷണവും കൂടിയുണ്ടെങ്കില്‍ മാത്രമാണ് കുഞ്ഞിന് വളരാനുള്ള ആരോഗ്യ ദായകമായ സുരക്ഷിതമായ കുടുംമ്പാന്തരീക്ഷം സംജാതമാകുന്നതെന്ന നിലനിന്നു പോരുന്ന കാഴ്ചപ്പാട്, ഇതിനെയെല്ലാമാണ് അമ്മമാരുടെയോ അച്ഛന്‍മാരുടെയോ കരുതല്‍ മാത്രമുള്ള ഒരു കുടുംബത്തിലേയ്ക്ക് ജനിച്ചു വീഴുന്ന കുഞ്ഞിനെ പക്വതയാര്‍ന്ന ഒരു വ്യക്തിത്വത്തിനുടമയായി വളര്‍ത്തിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ സന്നദ്ധരാവുന്ന സ്വവര്‍ഗ്ഗ ദമ്പതികള്‍ സമൂഹത്തിനു കാട്ടികൊടുക്കുവാന്‍ പോകുന്നത്.

മലയാളത്തിലുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നിങ്ങളില്‍ പലര്‍ക്കും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു നിലപാടിനെപ്പറ്റിയാവും മുകളില്‍ പ്രതിപാദിച്ചിരിക്കുന്നത്.

നമ്മുടെ മഹത്തായ ആര്ഷഭാരതസംസ്‌കാരം അങ്ങനെയൊന്നുമല്ലല്ലോ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്

മാതൃ സ്‌നേഹത്തെ മാത്രം മഹത്വവത്കരിക്കുന്ന ഒരു സംസ്‌കാരമാണ് പ്രകൃതി നമ്മെ പഠിപ്പിച്ചിരിക്കുന്നത് അല്ലെങ്കില്‍ ഇന്നുവരെ നാം പിന്തുടരുന്നത്.

വിവാഹമോചന കേസുകളില്‍ കുട്ടിയെ അമ്മയുടെ സംരക്ഷണയില്‍ വിട്ടുകൊടുക്കുകയെന്നതാണ് നമ്മള്‍ പിന്തുടരുന്ന രീതി; അമ്മയുടെ സംരക്ഷണവും പരിപാലനവും ഏറ്റുവാങ്ങി വളരുന്ന കുട്ടിക്കേ മാനസികആരോഗ്യത്തോടെ വളരാന്‍ സാഹചര്യമുണ്ടാവുകയുള്ളത്രെ.

പിതാവിന്റെ മുരടന്‍ മനസ്സില്‍ സ്‌നേഹമെന്ന വികാരം അമ്മയ്ക്കുള്ളത്ര ഉണ്ടാവില്ലെന്നാണ് നിഗമനം.

മനുസ്മൃതി കാലത്തില്‍ നിന്നും വളരെയേറെ മുന്നേറിയെങ്കിലും ജാതിചിന്തകളില്‍ നിന്നും നാം പൂര്‍ണമായി മോചിതരായിട്ടില്ല. താഴ്ന്ന ജാതിക്കാരെ സാധാരണ മനുഷ്യരായി അംഗീകരിക്കാന്‍ ഇപ്പോളും നമുക്കാവുന്നില്ല. അതേ മേധാവിത്വ മനോഭാവം തന്നെയാണ് വ്യത്യസ്ത അഭിരുചികളോടും സമൂഹം നിലനിറുത്തി പോരുന്നത്.

സ്വവര്‍ഗ്ഗ സല്ലാപങ്ങള്‍ കുറ്റകരമായിരുന്ന അവസ്ഥക്കു മാറ്റം വന്നെങ്കിലും അവരെ മുഖ്യ ധാരയില്‍ ഉള്‍പ്പെടുത്താനോ അവരുടെ ഇഷ്ടങ്ങളെ അംഗീകരിക്കാനോ മാത്രം മാനസികമായി, മാനവികമായ നമ്മള്‍ വളര്‍ന്നിട്ടില്ല. സ്ത്രീയും പുരുഷനും ചേര്‍ന്നുള്ള ഒരു കുടുംബത്തില്‍ ജനിക്കുന്ന കുട്ടിയെപ്പറ്റിയല്ലാതെ മറ്റൊരു സംവിധാനത്തെപ്പറ്റി ചിന്തിക്കുവാന്‍ മാത്രം നമ്മള്‍ വളര്‍ച്ച പ്രാപിച്ചിട്ടില്ല. ഈ അവസരത്തില്‍ തികച്ചും പുതുമയേറിയ ഒരു വാര്‍ത്ത, പത്രമാധ്യമങ്ങളില്‍ ഈയിടെ പ്രത്യക്ഷപ്പെട്ടത്, നിങ്ങളുമായി പങ്കു വയ്ക്കുകയാണ്.

വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരുതരം കാലിഫോണിയന്‍ പെണ്‍ കഴുകന്‍ പക്ഷികള്‍ ആണ്‍ കഴുകന്റെ സമീപനമില്ലാതെ തന്നെ കുഞ്ഞുങ്ങളെ വിരിയിച്ചത്രെ!

ആണും പെണ്ണും തമ്മിലുള്ള സംസര്‍ഗത്തില്‍ നിന്നു മാത്രമേ വശവര്‍ധന സാധ്യമാവൂ എന്ന പ്രകൃത്യനുസൃതമായ അറിവിനെ, അല്ലെങ്കില്‍ കാഴ്ചപ്പാടിനെയാണ് ഇവിടെ തിരുത്തിക്കുറിക്കേണ്ടി വന്നിരിക്കുന്നത്.

100 % ശരിയെന്നു വിശ്വസിച്ചു മനുഷ്യര്‍ പിന്തുടര്‍ന്നു പോരുന്ന, ഏതെല്ലാം കാഴ്ചപ്പാടുകള്‍ പുതിയ പുതിയ കണ്ടു പിടുത്തങ്ങളിലൂടെയും, പ്രകൃതിയുടെ മായാജാലത്തിലൂടെയുമൊക്കെ മാറ്റിയെഴുതപ്പെടുമെന്നത് പ്രവചനാതീതമെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

അമ്മയുടെ മാറിലെ ചൂടും അമ്മിഞ്ഞപ്പാലും മാതൃസ്‌നേഹവും അനുഭവിച്ച വളര്‍ന്ന ഒരു തലമുറയ്ക്ക് അമ്മയുടെ സ്ഥാനം അച്ഛനു മാത്രമായി തീറെഴുതുന്നതിനെപ്പറ്റിയോ അച്ഛന്റെ പരിചരണത്തില്‍ മാത്രം വളരുന്ന ഒരു ഒരു കുട്ടിയെപ്പറ്റിയോ സങ്കല്പിക്കാന്‍ പോലും സാധ്യമല്ല.

അമ്മ മാഹാത്മ്യം മാത്രം വാഴ്ത്തിപ്പാടുന്നവര്‍, മാതൃസ്‌നേഹം പോലും നിബന്ധനകളും സാഹചര്യങ്ങളും അനുസരിച്ചു മാത്രം കൊടുക്കുന്നതാണെന്ന യാഥാര്‍ഥ്യം കണ്ടില്ലെന്നു നടിക്കുന്നു.

സുരക്ഷിതമായ, കെട്ടുറപ്പുള്ള ഒരു കുടുംബത്തില്‍ ജനിക്കുന്ന കുട്ടിക്ക് മാത്രം ലഭ്യമായ ഒന്നാണ് നിര്‍ലോഭമായ മാതൃസ്‌നേഹമെന്നതാന് പച്ചയായ യാഥാര്‍ഥ്യം.

ഈയിടെ സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ചയായ ദത്തു കേസ് മുതല്‍, പ്രസവാനന്തരം കുട്ടിയെ കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുന്നവരും, വില പേശി വില്‍ക്കുന്നവരും നിര്‍ദാക്ഷിണ്യം കൊന്നു കളയുന്നവരും എല്ലാം ‘ അമ്മ ` ഗണ ത്തില്‍ പെടുന്നവര്‍ തന്നെ.

മാനം കാക്കാനും, ദാരിദ്രാവസ്ഥകൊണ്ടും ചതിയില്‍ പെട്ടുള്ള അല്ലെങ്കില്‍ ബലാല്‍ സംഘത്തിനിരയായ അമ്മമാരും പ്രസവശേഷം കുട്ടികളെ ഉപേക്ഷിക്കുന്നതായി കാണാം.

മാതൃ സ്‌നേഹം ഇത്രയേറെ മഹത്തരമായിരുന്നെങ്കില്‍ അമ്മത്തൊട്ടിലുകളുടെ ആവശ്യമേ ഉണ്ടാവില്ലായിരുന്നു.

മരങ്ങളില്‍ ചുറ്റി പടര്‍ന്നു കയറുന്ന വള്ളിച്ചെടികളെപ്പോലെയാണ് കുരുന്നുകളുടെ സ്‌നേഹം. തങ്ങള്‍ക്കു താങ്ങും തണലുമായി ഏറ്റവും അടുത്തുള്ള വ്യക്തിയോടാവും കുഞ്ഞിന് സ്‌നേഹമുണ്ടാവുക.
അത് അമ്മയോ ഒരു സ്ത്രീപോലുമോ ആവണമെന്നില്ല.

അമ്മയെക്കാളേറെ അച്ഛന്റെയടുത്തുനിന്നു മാത്രം സ്‌നേഹം അറിഞ്ഞു വളരുന്ന ധാരാളം കുട്ടികളെ കാണാന്‍ സാധിക്കും. അമ്മയും അച്ഛനും ചേര്‍ന്ന് വളര്‍ത്തുന്ന കുട്ടികളില്‍ പലരും അമ്മയോടുള്ളതിലേറെ സ്നേഹം അച്ഛനോട് കാട്ടുന്നതും അച്ഛന്റെ സാന്നിധ്യം കൂടുതല്‍ ഇഷ്ടപ്പെടുന്നതും ഒന്നും അതിശയോക്തിയല്ല.

പക്ഷെ ഒരച്ഛന്റെയും സ്‌നേഹത്തെ, അമ്മയുടേതുമായി താരതമ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാറില്ല. അത് അമ്മയോടും സ്ത്രീത്വത്തോടുമുള്ള അവഹേളനമായി ചിത്രീകരിക്കപ്പെട്ടേക്കാം; കുഞ്ഞിനെ പ്രസിവിക്കലും വളര്‍ത്തലും സ്ത്രീകള്‍ക്കായി തീറെഴുതിയ പാരമ്പര്യം നിലനില്‍ക്കുന്നതുകൊണ്ടു മാത്രം.

സ്വവര്‍ഗ സ്‌നേഹികള്‍ വേട്ടയാടപ്പെടുന്ന രാജ്യങ്ങളില്‍ നിന്നും പ്രാണ രക്ഷാര്‍ത്ഥം പാലായനം ചെയ്യുന്നവരെ പല പാശ്ചാത്യ രാജ്യങ്ങളും അഭയാര്‍ഥികളായി സ്വീകരിക്കുന്നത് അവരുടെ മനുഷ്യാവകാശത്തെ മാനിക്കുന്നതുകൊണ്ടു മാത്രമാണ്.

സ്വവര്‍ഗ്ഗ ഇണകള്‍ക്ക് സ്വന്തം കുട്ടികളെ സ്വപ്നം കാണാന്‍ പോയിട്ട് പ്രത്യേക താല്പര്യങ്ങളോടെ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ സമൂഹത്തില്‍ അവഗണന നേരിടേണ്ട അവസ്ഥയില്‍ നിന്നും വിദൂര ഭാവിയിലൊന്നും ഒരു മോചനം അവര്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഭാരത സംസ്‌കാരത്തില്‍ അമ്മയ്ക്കുള്ള ആദരവും സ്ഥാനവും ഒരു പുരോഗമനവാദിയും സമീപഭാവി യില്‍ ചര്‍ച്ചാവിഷയമാക്കുമെന്നു0 പ്രതീക്ഷിക്കേണ്ടതില്ല.

വികസിത രാജ്യങ്ങള്‍ ലിംഗ സമത്വം എത്രമാത്രം പ്രാവര്‍ത്തികമാക്കിയിരിക്കുന്നുവെന്നത് അവിടങ്ങളിലെ പുരോഗമനപരമായ നിയമ വ്യവസ്ഥകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

കഴിഞ്ഞ 15 വര്‍ഷത്തിലതിലേറെയായി ലിംഗ വ്യത്യാസങ്ങള്‍ പ്രതിഫലിപ്പിക്കാത്ത ഭാഷാ പ്രയോഗങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാണ് ഭാഷാ ഗവേഷകര്‍ ബയോ ഡേറ്റ ഫാറങ്ങളില്‍ നിന്നും സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്നവയ്ക്കു പകരം ഗര്‍ഭാശയമുഖത്തോടു കൂടിയവരും ഇല്ലാത്തവരും എന്ന പുതിയ നിര്‍വചനങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഗര്‍ഭാശയമുള്ളവരെ വെറും വാഹകരെന്നു മാത്രം വിശേഷിപ്പിക്കുന്നു, ഗര്‍ഭം വഹിക്കുവാന്‍ കഴിവുള്ളവരെന്നു മാത്രം.

ജന്മം നല്‍കുവാന്‍ കഴിവുള്ളവരും അല്ലാത്തവരുമെന്നു വ്യക്തികളെ ഇവിടെ തരം തിരിക്കയാണ്.

വ്യത്യസ്ത കഴിവുകളുള്ള രണ്ടു സ്വതന്ത്ര വ്യക്തിത്വങ്ങള്‍.

ഈ കാഴ്ചപ്പാടില്‍ നിന്ന് മാത്രമേ പ്രകൃതി വിരുദ്ധരെയും മനുഷ്യരായി അംഗീകരിക്കുന്ന കാഴ്ചപ്പാടും, സ്ത്രീ സമത്വവുമൊക്കെ പ്രാവര്‍ത്തികമാവൂ.

വിവാഹമെന്നാല്‍ സന്തോനാല്‍പാദനത്തിനു ലൈസെന്‍സ് കൊടുക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയെന്ന കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു. പകരം ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തിത്വങ്ങളുടെ കുട്ടായ്മയെന്ന് അതിനെ മാറ്റിയെഴുതണം. വിവാഹത്തിന്റെ ആത്യന്തികലക്ഷ്യം തങ്ങള്‍ അറിഞ്ഞു വച്ചിട്ടുള്ള രീതിയില്‍ മാത്രമുള്ള ലൈംഗിക താല്പര്യങ്ങളുടെ പൂര്‍ത്തീകരണവും സന്തോനാല്‍പാദനവുമാണെന്ന മുന്‍വിധിയോടെയുള്ള സമീപനത്തില്‍ നിന്നാണ് സ്വവര്‍ഗികള്‍ ഒരുമിച്ചു താമസിച്ചാല്‍ അല്ലെങ്കില്‍ വിവാഹിതരായാല്‍, അതിനെ നിഷിദ്ധമെന്നു വിധിയെഴുതാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത്.

മരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയായിട്ടാണ് പല വികസിത രാജ്യങ്ങളും പരമ്പരാഗത വിവാഹത്തെ കാണുന്നത്.

വിവാഹ പ്രായം വൈകിപ്പിക്കുന്നതു മുതല്‍ അവിവാഹിതരായി തുടരുന്നവരുടെ എണ്ണവും വര്‍ധിച്ചു വരുന്നു.

ജോലിയും വരുമാനവും നിലനില്‍പ്പിന് ആധാരമാവുമ്പോള്‍ വിവാഹവും കുടുംബവും കുട്ടികളുമെല്ലാം മാറ്റി വയ്ക്കപ്പെടുന്ന ആശയങ്ങളായി മാറുന്നു. ഉത്തരവാദിത്വബോധമുള്ള ഒരു പൗരന് മറ്റൊരു രീതിയില്‍ ചിന്തിക്കാനാവില്ലല്ലൊ! ജപ്പാനിലെ ചെറുപ്പക്കാരുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ വളരെ വ്യക്തമായി ഇത് മനസ്സിലാക്കാം. അവിവാഹിതരും, കുട്ടികളില്ലാത്തവരുമായ ധാരാളം ചെറുപ്പാക്കാരെ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹമായി അവര്‍ മാറിയിരിക്കുന്നു. താമസസ്ഥലവും ജോലിയുമായി ജീവിതം തള്ളി നീക്കുന്നവര്‍ക്ക് കുടുംബത്തെപ്പറ്റിയോ കുട്ടികളെ വളര്‍ത്തുന്നതിനെപ്പറ്റിയോ ആലോചിക്കാന്‍ സമയം കിട്ടുന്നില്ല.

സ്വവര്‍ഗികള്‍ വിവാഹം ചെയ്താല്‍ എല്ലാവരും കുട്ടികളെ ദത്തെടുക്കുമെന്നും സ്വന്തം കുടുംബത്തില്‍ ഒരു കുട്ടിയുടെ സാമീപ്യം ആഗ്രഹിക്കുമെന്നും അങ്ങനെ നാം പിന്തുടര്‍ന്നു പോന്നിരുന്ന സാമൂഹിക സദാചാര ചിന്തകള്‍ കുഴിച്ചുമൂടപ്പെടുമെന്നുമുള്ള കാഴ്ചപ്പാടു തന്നെ അടിസ്ഥാനരഹിതമാണ്.

കുട്ടികളുണ്ടായാല്‍ ഏറ്റെടുക്കേണ്ടി വരുന്ന ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കി അത് പൂര്‍ത്തീകരിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ മാത്രമാവും ഒരു കുഞ്ഞിന്റെ കളിചിരികള്‍ക്ക് അവര്‍ക്കിടയില്‍ അവസരമുണ്ടാക്കുന്നത്, അത് സ്ത്രീ ഇണകളായാലും പുരുഷ ഇണകളായാലും; കാരണം രണ്ടു കൂട്ടര്‍ക്കും നഷ്ടപ്പെടുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. അതു കൊണ്ടു തന്നെ ജനിക്കുന്ന അല്ലെങ്കില്‍ ദത്തെടുക്കുന്ന കുട്ടിയോടുള്ള കടമകള്‍ ഇവര്‍ നന്നായി നടത്തുമെന്നതില്‍ ആര്‍ക്കും സന്ദേഹമുണ്ടാവേണ്ടതില്ല. ഇനി അത് സാധിക്കാതെ വന്നാല്‍ കുട്ടികളെ പരിചരിച്ചു വളര്‍ത്താനുള്ള സംവിധാനങ്ങള്‍ ഈ രാജ്യങ്ങളിലെ സാമൂഹ്യ സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

വിവാഹ കമ്പോളം തികച്ചും വ്യവസായവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ വിവാഹിതരാവുന്നതില്‍ ഭൂരിഭാഗവും പരസ്പരം അറിഞ്ഞും സ്‌നേഹിച്ചും ഒന്നിക്കുന്നവരല്ല. വില പറഞ്ഞുറപ്പിച്ച നടത്തപ്പെടുന്ന വിവാഹങ്ങളാണ് എല്ലാം തന്നെ. അതു കൊണ്ടു തന്നെ സ്ത്രീധന പീഢനങ്ങളും കൊലപാതകങ്ങളും പരിഷ്‌കൃതരെന്നഭിമാനിക്കുന്ന നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചു വരുന്നു.

അതിലും പരിതാപകരമായത് ഈ കമ്പോളത്തില്‍ വിലയില്ലാതായിപ്പോകുന്നവരുടെ കാര്യമാണ്;
പരിഷ്‌കാരിപ്പെണ്‍കൊടികളുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ യോഗ്യതയില്ലാത്ത പുരുഷന്മാരും, നക്ഷത്രങ്ങളും സ്ത്രീധനവും ചതിച്ച, പ്രായാധിക്യ0 മൂലം അവിവാഹിതരായി വിവാഹകമ്പോളത്തില്‍ സ്ഥാനം ലഭിക്കാതെ പോയ സ്ത്രീകളും.

ഇവരില്‍ ആര്‍ക്കെങ്കിലുമൊക്കെ സ്വവര്‍ഗത്തിലുള്ള ഇണകളോടൊത്തു് ഒരു പക്ഷെ ലൈംഗികേച്ഛകളൊന്നുമില്ലാതെ ജീവിതാന്ത്യം വരെ ഒന്നിച്ചു കഴിയണമെന്ന് ആഗ്രഹം തോന്നിയാല്‍ സ്വവര്‍ഗ കൂട്ടായ്മയെ അനുകൂലിക്കാത്ത നമ്മുടെ പരിഷ്‌കൃത സമൂഹത്തിന്റെ അവരോടുള്ള കാഴ്ചപ്പാടെന്തായിരിക്കും ?!

കപട സദാചാരത്തില്‍ അടിയുറച്ചിരിക്കുന്ന നമ്മുടെ സമൂഹം മറ്റുള്ളവരുടെ സ്വകാര്യതകളില്‍ നിന്നും വിട്ടു നിന്ന് അവരെ ലിംഗഭേദമെന്യേ സ്വതന്ത്ര വ്യക്തിത്വത്തങ്ങളായി അംഗീകരിക്കുകയും നിയമാനുസൃതമായി, വിവാഹിതരായോ രജിസ്റ്റര്‍ ചെയ്‌തോ, ഒന്നിച്ചു ജീവിക്കാന്‍ അവസരം നല്‍കുകയും ചെയ്യുമ്പോള്‍ നമ്മള്‍ കുത്തഴിഞ്ഞ സമൂഹത്തിനു പ്രോത്സാഹനം നല്‍കുകയല്ല, പകരം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിക്കു രൂപം കൊടുക്കുകയാണ് ചെയ്യുന്നത്.

പടിഞ്ഞാറിന്റെ പരിഷ്‌കാരങ്ങള്‍ അല്ലെങ്കില്‍ കാഴ്ചപ്പാടുകള്‍ നമ്മളിലെത്തുക പലപ്പോഴും 50 വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും. സ്ത്രീ സമത്വമെന്നാല്‍ പുരുഷനെപ്പോലെ വസ്ത്രം ധരിക്കുന്നതാണെന്നു ധരിച്ചു വച്ചിരിക്കുന്ന പുരോഗമനവാദികള്‍ സ്‌കൂള്‍ കുട്ടികളെ കാള്‍സറായിക്കുള്ളിലാക്കാന്‍ തീരുമാനമെടുക്കുന്നതു വരെയേ ആയിട്ടുള്ളു നമ്മുടെ പുരോഗമനചിന്ത; ലോകത്തെ ആദ്യ ജനാധിപത്യ സംവിധാനങ്ങളിലൊന്നായിട്ടും ഇന്നും യഥാര്‍ത്ഥ ജനാധിപത്യമെന്തെന്നറിയാത്ത, ഏതെങ്കിലും നേതാവിന്റെ പിറകെ കൊടി പിടിക്കാനും ആജ്ഞാനുവര്‍ത്തികളാവാനും സ്വയം തീറെഴുതപ്പെട്ട ഒരു ജനത. സ്വിറ്റസര്‍ലാന്‍ഡ് പോലുള്ള രാജ്യങ്ങളിലെ ജനാധിപത്യവസ്ഥിതിയില്‍ ജനങ്ങള്‍ നേരിട്ടു രാഷ്ട്ര പുരോഗതിക്കായി നിയമനിര്‍മാണ പ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യയില്‍ 90% ജനങ്ങളും വെറും വോട്ടു ബാങ്കുകള്‍ മാത്രമാണ് .സ്വതന്ത്രമായ വ്യക്തിത്വവും അസ്തിത്വവുമില്ലാത്തവര്‍; നേതാക്കന്മാരുടെ കൈയ്യിലെ കളിപ്പാവകള്‍. തിരഞ്ഞെടുക്കപ്പെടുന്ന വിവരദോഷികളായ ഈ ചുരുക്കം നേതാക്കളുടെ ഇ0ഗിതത്തിനനുസരിച്ചു മാത്രമാണ് ഭരണയന്ത്രം ചലിക്കുന്നത്.

ലോകോത്തരമെന്നു കരുതി മുറുകെപ്പിടിച്ചിരിക്കുന്ന ഭാരത സംസ്‌കാരത്തിന്റെ വക്താക്കളില്‍നിന്നും പ്രകൃതിയിലും ലോകത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ഭരണപരിഷ്‌കാരങ്ങളോ മനുഷ്യരെ സമഭാവനയോടെ കാണുന്ന സമീപനമോ പ്രതീക്ഷിക്കേണ്ടതില്ല.

മുന്‍പ് സൂചിപ്പിച്ചതു പോലെ 50 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പക്ഷെ സ്വവര്‍ഗികളെയും ഭിന്ന വ്യക്തിത്വങ്ങളെയും അംഗീകരിക്കാന്‍ പാകത്തില്‍ നമ്മുടെ സമൂഹവും സഹിഷ്ണതയുള്ളവരായി മാറിയേക്കാം.