നടിയെ ആക്രമിച്ച കേസില്‍ വിചാണയ്ക്ക് കൂടുതല്‍ സമയം തേടി സര്‍ക്കാര്‍ ; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്ക് കൂടുതല്‍ സമയം തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദിലീപിനെതിരെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി കത്തില്‍ പറഞ്ഞിരുന്നു.
കേസില്‍ ഇപ്പോഴുള്ള വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടു തന്നെ പുനരന്വേഷണം അനിവാര്യമാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതില്‍ തനിക്ക് ആശങ്കയുണ്ടെന്നും നടി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിചാരണ കോടതിയില്‍ ആണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രോസിക്യൂഷന്‍ കണ്ടെത്തിയിട്ടുള്ള തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടിട്ടുണ്ടെന്നും കൈക്കൂലി നല്‍കിയെന്നുമുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയത്.
അതേസമയം കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നവശ്യവുമായി അന്വേഷണ സംഘം കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേസമയം ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിക്കും. നിലവിലെ അന്വേഷണസംഘത്തലവന്‍ ബൈജു പൗലോസിന് തന്നെയാകും മേല്‍നോട്ടച്ചുമതല. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ പള്‍സര്‍ സുനിയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. ഫെബ്രുവരി 16 ന് വിചാരണ അവസാനിപ്പിച്ച് വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ഈ മാസം 20 ന് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ തിരക്കിട്ട നീക്കം.