മകന്‍ നിരപരാധി ; എല്ലാത്തിനും പിന്നില്‍ ദിലീപ് ; പള്‍സര്‍ സുനിയുടെ ‘അമ്മ
നടിയെ ആക്രമിച്ച കേസില്‍ മകന്‍ നിരപരാധി ആണ് എന്നും എല്ലാത്തിനും പിന്നില്‍ നടന്‍ ദിലീപ് ആണ് എന്നും മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ‘അമ്മ ശോഭന. ജയിലില്‍ കഴിയുന്ന സുനിക്ക് ജീവനു ഭീഷണിയുണ്ടു അതിനാലാണ് മകന്‍ എഴുതിയ കത്ത് പുറത്തുവിട്ടതെന്നും ദിലീപ് പറഞ്ഞിട്ടാണ് മകന്‍ എല്ലാം ചെയ്തതെന്നും അമ്മ പ്രതികരിച്ചു. കേസില്‍ വേറെയും ആളുകളുണ്ടെന്നും അവര്‍ പറഞ്ഞു. കത്ത് പുറത്തുവന്നതിനു പിന്നാലെ അന്വേഷണസംഘം അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു ദിവസം ജില്ലാകോടതിയില്‍ വച്ചാണ് കത്ത് തന്നത്. ആരെയും കാണിക്കരുതെന്നും ജീവനില്‍ നല്ല പേടിയുണ്ടെന്നും, എന്നാണ് താന്‍ ഇല്ലാതാകുന്നതെന്നൊന്നും അറിയില്ലെന്നും പറഞ്ഞായിരുന്നു കത്ത് തന്നത്. അവന്‍ പറഞ്ഞിട്ട് കത്ത് പുറത്തുവിട്ടാല്‍ മതിയെന്നാണ് പറഞ്ഞിരുന്നത്-അമ്മ ശോഭന വെളിപ്പെടുത്തി.
കേസില്‍ ഉള്‍പ്പെട്ട വിജീഷ് എന്ന പയ്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അത് ആരും അറിയുന്നില്ല. എന്റെ മകനും എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ ലോകം അറിയില്ലല്ലോ. വിജീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ടെന്‍ഷനായി. കൈക്കും തലക്കും എന്തൊക്കെയോ പറ്റിയിട്ടുണ്ടെന്ന് അറിഞ്ഞു. നാളെ എന്റെ മകനും എന്തെങ്കിലും പറ്റുമോ എന്ന് ആലോചിച്ച് ബുദ്ധിമുട്ടിലായിരുന്നു. അതോടെയാണ് കത്ത് പുറത്തുവിട്ടതെന്നും അവര്‍ പറഞ്ഞു. ഇതിന്റെ കാര്യങ്ങളൊന്നും അവന്‍ എന്നോട് പറഞ്ഞിരുന്നില്ല. ഒരിക്കല്‍ എന്താണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചിരുന്നു. അപ്പോഴൊക്കെ പെട്ടുപോയി എന്നായിരുന്നു മറുപടി. ഒരിക്കല്‍ കോടതിയില്‍ വച്ചും ഇതേകാര്യം ചോദിച്ചു. അപ്പോഴും പെട്ടുപോയി എന്നാണ് പറഞ്ഞത്. പിന്നീടാണ് ദിലീപിന്റെ പേര് പറഞ്ഞത്. ഇതില്‍ വേറെയും ആളുകളുണ്ടാകുമെന്ന് എനിക്ക് അറിയാം-അമ്മ കൂട്ടിച്ചേര്‍ത്തു.
മകന്‍ പറയുന്നതൊന്നും ആരും കേള്‍ക്കുന്നില്ല. എപ്പോഴും പൊലീസിന്റെ മുന്‍പില്‍ വച്ചും ജീവനു ഭീഷണിയുണ്ടാകുമെന്ന് പറയുമായിരുന്നു. എപ്പോഴാണ് ഇല്ലാതാകുന്നതെന്ന് അറിയില്ല. എന്നെ പ്രതീക്ഷിക്കേണ്ട എന്നൊക്കെ പറയുമായിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിഞ്ഞുവെന്ന് ഒരിക്കല്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. അതൊക്കെ അങ്ങനെ കിടക്കും. കാര്യങ്ങളൊന്നും വേറെ നടക്കില്ല എന്നൊക്കെ പറഞ്ഞു. വലിയ ആളുകളല്ലേ പുറത്തുള്ളത്. അപ്പോള്‍ ഇതിലൊരു കാര്യവും നടക്കില്ല. ഇത്രയും വര്‍ഷമായി. ഇതുവരെ ഒരു നാലു ദിവസം പോലും വീട്ടില്‍ നില്‍ക്കാനുള്ള അനുവാദം കിട്ടിയിട്ടില്ലെന്നും ശോഭന ചൂണ്ടിക്കാട്ടി.
2018 മെയിലാണ് കോടതിയില്‍ വച്ച് പള്‍സര്‍ സുനി അമ്മയ്ക്ക് കത്ത് നല്‍കിയത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വെളിപ്പെടുത്തലുകളും കത്തിലുണ്ട്. കൊച്ചി അബാദ് പ്ലാസയില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങളും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള വെളിപ്പെടുത്തലുമെല്ലാം ഇതിലുണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും. ബാലചന്ദ്രകുമാറിന് സമന്‍സ് അയച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. കേസില്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസില്‍ നിര്‍ണായകമായേക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇതില്‍ തുടരന്വേഷണം നടത്താന്‍ വിചാരണ കോടതി 20ാം തിയതി വരെയാണ് അന്വോഷണ സംഘത്തിന് സമയം അനുവദിച്ചത്.