നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂഷന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി. കേസിലെ പുനരന്വേഷണം ഒരുമാസത്തിനം തീര്‍ക്കണമെന്ന് വിചാരണക്കോടതി ഉത്തരവ്. അന്വേഷണത്തിന് ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസില്‍ അടുത്ത മാസം ഒന്നിന് മുന്‍പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടരന്വേഷണം നടക്കുന്നതിനാല്‍ വിചാരണ അവസാനിപ്പിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ഈ മാസം 16 ആണ് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി.

എന്നാല്‍ വിചാരണ കാലയളവ് നീട്ടണമോ എന്ന ആവശ്യം ഉന്നയിക്കേണ്ടത് വിചാരണ കോടതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഈ ആവശ്യം തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം ഒന്നിന് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ വിചാരണ കാലയളവ് നീട്ടണം എന്നാവശ്യപ്പെട്ട് വിചാരണക്കോടതി താമസിയാതെ സുപ്രീംകോടതിയെ സമീപിക്കും. അതോടൊപ്പം വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യുഷന്‍ തീരുമാനം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത ദിവസം ഉണ്ടാകും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഫെബ്രുവരി 16-ന് മുമ്പ് വിചാരണ പൂര്‍ത്തായായില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണക്കോടതി ജഡ്ജിയാണ് സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. വിചാരണക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തീര്‍പ്പാക്കിയ കോടതി ഇക്കാര്യത്തില്‍ വിചാരണക്കോടതി മാത്രം സുപ്രീം കോടതിയെ സമീപിച്ചാല്‍ മതിയെന്ന് പറഞ്ഞിരുന്നു.