ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുമെടുത്തിറങ്ങുമ്പോള്‍ വിന്‍ഡീസ് ഏകദിന പരമ്പരയില്‍ ഒരു ജയമെങ്കിലും നേടി മാനം കാക്കുക എന്ന ഉദേശത്തിലായിരുന്നു. പക്ഷേ അവരെ കാത്തിരുന്ന ദയനീയമായ തോല്‍വിയായിരുന്നു. 96 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ തോല്‍വി. ഇന്ത്യന്‍ ബൗളിങ് കരുത്തിന് മുന്നില്‍ 169 റണ്‍സിന് വിന്‍ഡീസ് നിരയില്‍ എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 3-0 ത്തിന് സ്വന്തമാക്കി. പേസര്‍മാരാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. വാഷിങ് ടണ്‍ സുന്ദറിന് വിക്കറ്റൊന്നും നേടാനായില്ല.

വിന്‍ഡീസ് ബാറ്റിങ് അഞ്ച് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഓപ്പണര്‍മാര്‍ രണ്ടു പേരും കൂടാരം കയറി. ഷാ ഹോപ്പ് 5 റണ്‍സുമായി സിറാജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ആദ്യം മടങ്ങി. 14 റണ്‍സുമായി ബ്രാന്‍ഡണ്‍ കിങിനെ മടക്കിയത് ദീപക്ക് ചഹറായിരുന്നു. അതേ ഓവറില്‍ തന്നെ റണ്‍സൊന്നുമെടുക്കാതെ ഷാംമ്രാഹ് ബ്രൂക്കസും മടങ്ങിയതോടെ വിന്‍ഡീസ് കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ടുത്തുടങ്ങി. ഡാരന്‍ ബ്രാവോ കരുതലോടെ കളിച്ചെങ്കിലും പ്രസിദ്ധ് കൃഷ്ണ ആ പ്രതീക്ഷയും തല്ലിക്കെടുത്തി. 20 റണ്‍സില്‍ നില്‍ക്കവേ കോഹ്ലിക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. നേരത്തെ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി.

രോഹിത് ശര്‍മയും (13), വിരാട് കോലിയും (0) ഒരേ ഓവറില്‍ മടങ്ങി. മൂന്ന് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു രോഹിത്. എന്നാല്‍ അല്‍സാരിയുടെ പന്തില്‍ ബൗള്‍ഡായി. ആ ഓവറിന്റെ അഞ്ചാം പന്തില്‍ കോലിയേയും അല്‍സാരി പറഞ്ഞയച്ചു. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കുകയായിരുന്നു മുന്‍ ക്യാപ്റ്റന്‍. തിരിച്ചുവരവില്‍ ശിഖര്‍ ധവാനും തിളങ്ങാനായില്ല. ഒഡെയ്ന്‍ സ്മിത്തിന്റെ പന്തില്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് ക്യാച്ച്. അനിവാര്യമായ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ശ്രേയസ് അയ്യര്‍- പന്ത് കൂട്ടുകെട്ടായിരുന്നു. നാലാമാനായിട്ടാണ് ശ്രേയസ് ക്രീസിലെത്തിയയത്. പന്ത് അഞ്ചാമതായിട്ടും. ഇരുവരും 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു.