നടി ആക്രമിക്കപ്പെട്ട കേസ് ; തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. എന്നാല്‍ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി എത്ര സമയം വേണമെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. തുടരന്വേഷണത്തിന് സമയപരിധിവെക്കുന്നതില്‍ കുഴപ്പമില്ലെന്നും ക്രൈം ബ്രാഞ്ച് മറുപടി നല്‍കി. തുടര്‍ന്ന് തുടരന്വേഷണം നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിനൊരു സമയക്രമം നിശ്ചയിക്കണമെന്ന നിലപാടാണ് കോടതിക്കുള്ളത്. വിചാരണക്കോടതി അനുവദിച്ച മാര്‍ച്ച് ഒന്നിന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൂടെ എന്ന് കോടതി ആരാഞ്ഞു. ഈ കേസിന് മാത്രം എന്ത് പ്രത്യേകതയാണുള്ളത്. ഒരാളുടെ മൊഴിയില്‍ അന്വേഷണം നടത്താന്‍ എന്തിനിത്ര സമയമെന്നും കോടതി ചോദിക്കുകയുണ്ടായി.

അതേസമയം, പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും തുടരന്വേഷണത്തിന് നിയമ തടസങ്ങളില്ലല്ലോയെന്ന് പ്രോസിക്യൂഷനും കോടതിയോട് തിരികെ പറയുന്ന സ്ഥിതിയുണ്ടായി. നിലവില്‍ വാദം പുരോഗമിക്കുകയാണ്. കേസില്‍ ഒരു സമയക്രമം നിശ്ചയിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നല്‍കി എന്നും കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാര്‍ ഈ നാല് വര്‍ഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസില്‍ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഏതാനും ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രണ്ട് മാസം കൂടി സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണം ഇപ്പോള്‍ തന്നെ രണ്ട് മാസം പിന്നിട്ടെന്ന് കോടതി പറഞ്ഞു. കേസില്‍ തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. കേസ് നീട്ടിക്കൊണ്ടുപോവാന്‍ വേണ്ടിയാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം.