നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി ; ദിലീപ് തെളിവ് നശിപ്പിച്ചെന്നു ക്രൈംബ്രാഞ്ച്
നടിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകന്‍ ഹൈക്കോടതി അനുമതി നല്‍കി. അടുത്ത മാസം 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു. ജസ്റ്റില്‍ കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിന് താന്‍ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിലെ തുടരന്വേഷണവുമായി മുന്നോട്ടുപോയത്.
തുടരന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് കേസില്‍ വിധി പറയാന്‍ സാധിക്കുക. അന്വേഷണം പൂര്‍ത്തിയാക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് മൂന്ന് മാസത്തെ സമയം തേടിയിരുന്നു. എന്നാല്‍ കോടതി ഇപ്പോള്‍ അന്വേഷണം ഏപ്രില്‍ 15 നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയത്. വിചാരണകോടതി ആറുമാസത്തെ സമയം കൂടി ചോദിച്ചിട്ടുണ്ട്. സുപ്രീം കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
ഹര്‍ജിയില്‍ ഇരയായ നടിയെ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. കോടതി നടപടികള്‍ ചോദ്യം ചെയ്യാന്‍ ദിലീപിന് നിയമ അവകാശമില്ലെന്ന് നടി ചൂണ്ടിക്കാട്ടി. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ചു പ്രതിയെ കേള്‍ക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ച് നടി ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെയും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ച കേസിലെയും തെളിവുകള്‍ നടന്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഫോറന്‍സിക് പരിശോധനയില്‍ ഇത് വ്യക്തമായതായും അവര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാറാന്‍ കോടതി നിര്‍ദേശിച്ച ശേഷം ഫോണില്‍ കൃത്രിമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ട ജനുവരി 29നും തൊട്ടടുത്ത ദിവസുവുമാണ് ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കംചെയ്തതെന്നും മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കിയതായും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.