ഇന്ന് ലോക ഇഡ്ഡലി ദിനം
സൗത്ത് ഇന്ത്യയില്‍ ഉള്ളവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിഭവം ആണ് ഇഡലി. ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന് ഇഷ്ട ഭക്ഷണമാണ് ഇഡ്ഡലി. ഏറെ ആരാധകര്‍ ഉള്ള ഇഡ്‌ലിയുടെ ദിനമാണ് മാര്‍ച്ച് 30. വിദേശിയര്‍ അവരുടെ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവില്‍ നിന്നാണ് ഇഡ്ഡലി ദിനത്തിന്റെ പിറവി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇഡ്ഡലിക്ക് ഏറ്റവും പ്രിയം. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, മ്യാന്‍മര്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി തീന്‍മേശയിലുണ്ട്. ലോകാരോഗ്യ സംഘടന ഇഡ്ഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ ഇഡ്ഡലിയുടെ ജനനത്തെക്കുറിച്ച് പല കഥകളാണ് പരക്കുന്നത്.സമീകൃതാഹാരം തേടുന്ന മലയാളിക്ക് മുന്‍പില്‍ ആദ്യം എത്തുന്ന വിഭവവും ഇഡ്ഡലിയും,സാമ്പാറും തന്നെ.ആധുനികവല്‍ക്കരണം മലയാളിയുടെ ആഹാരക്രമങ്ങളെയും മാറ്റിമറിച്ചെങ്കിലും ഇഡ്ഡലി പെരുമ ഇന്നും നിര്‍ത്താതെ മുന്നോട്ട് തന്നെ.
ഇന്ത്യയില്‍ കര്‍ണ്ണാടകത്തില്‍ ആണ് ഇഡ്ഡലി ആദ്യമായി രൂപം കൊണ്ടതെന്നാണ് പറയുന്നത്. തമിഴ്നാട്ടില്‍ ഏകദേശം 17ാം നൂറ്റാണ്ടിലാണ് ഇഡ്ഡലി ഭക്ഷിച്ചു തുടങ്ങിയത്. പാലക്കാട്ടെ രാമശ്ശേരി എന്ന ഗ്രാമം അറിയപ്പെടുന്നത് തന്നെ ഇഡ്ഡലിയുടെ പേരിലാണ്. ഈ ഗ്രാമം ഇഡ്ഡലിക്ക് പ്രസിദ്ധിയാര്‍ജിച്ചതുമാണ്.ഇന്തോനേഷ്യയിലെ ‘കേട്ലി’ എന്ന ഭക്ഷണമാണ് രൂപവും രുചിയും മാറി ഇഡ്ഡലിയായതെന്നാണ് ഒരുകഥ. ‘കേട്ലി’ ഇന്തോനേഷ്യയുടെ പ്രിയ ഭക്ഷണവിഭവമായിരുന്നു. ഒരിക്കല്‍ ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി തെക്കേ ഇന്ത്യയില്‍ വന്നു. കൂടെ ‘കേട്ലി’ പാചകക്കാരും. ആ വിദേശി ഭക്ഷണം നാട്ടില്‍ അങ്ങനെ ഹിറ്റായി. അതിന്റെ രസക്കൂട്ടുകള്‍ മനസ്സിലാക്കി നമ്മുടെ പാചകക്കാര്‍ ഒരു ഇന്ത്യന്‍ ഇഡ്ഡലിക്ക് രൂപം കൊടുത്തു.
എഡി 920 ല്‍ കന്നഡ ഭാഷയില്‍ ശിവകോടി ആചാര്യന്‍ എഴുതിയ വദ്ദാരാധന എന്ന പുസ്തകത്തിലാണ് ഇഡ്ഡലിക എന്ന പേരില്‍ ഇഡ്ഡലി പ്രത്യക്ഷപ്പെടുന്നത്. എഡി 1130 ല്‍ പുറത്തിറങ്ങിയ സംസ്‌കൃത കൃതി മാനസോല്ലാസയിലും ഇഡ്ഡരികയെക്കുറിച്ചു പറയുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ മാത്രമാണ് തമിഴ് കൃതികളില്‍ ഇഡ്ഡലിയെ കുറിച്ചുള്ള വിവരണം വന്നത്. പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ ദക്ഷിണേന്ത്യയിലേക്കു വന്ന സൗരാഷ്ട്രന്‍ പട്ടു കച്ചവടക്കാരാണ് ഇഡ്ഡലി ദക്ഷിണേന്ത്യയിലെത്തിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഇഡഡ എന്ന പേരില്‍ ഉഴുന്നും അരിയും അരച്ചു ചേര്‍ത്ത് ആവിയില്‍ പുഴുങ്ങിയെടുത്ത ആഹാരം ഗുജറാത്തിലാണു രൂപം കൊണ്ടതെന്നും വാദമുണ്ട്. ഭക്ഷണ ചരിത്രകാരനായ കെ ടി അചയയുടെ അഭിപ്രായത്തില്‍ ഇഡ്ഡലി ജനിച്ചത് ഇന്തോനേഷ്യയിലാണ്.2015ല്‍ ചെന്നൈയിലെ ഇഡ്ഡലി കേറ്ററര്‍ ആയ ഇനിയവന്‍ തുടങ്ങി വച്ചതാണ് മാര്‍ച്ച് 30ലെ ഇഡ്ഡലി ദിനാഘോഷം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനിച്ച് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെ പ്രിയവിഭവമായി ഇന്നും മാറ്റമില്ലാതെ തുടരുന്ന വണ്‍ ആന്‍ഡ് ഒണ്‍ലി ഇഡ്ഡലി.