വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോണം ; അതിജീവിതക്ക് എതിരെ സിദ്ദിഖ്
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടിക്ക് എതിരെ തുറന്നടിച്ചു നടന്‍ സിദ്ധിക്ക്. കേസില്‍ വിധി വരട്ടെ. എന്നിട്ടെല്ലാ കാര്യങ്ങളും തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്ന് തോന്നിയാല്‍ അപ്പോള്‍ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താന്‍ പറയുക. വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോകണം. അതും എതിരായാല്‍ അതിന്റെ മേല്‍ക്കോടതിയില്‍ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അങ്ങനെത്തന്നെ ആകണം എന്നാണ് തന്റെ അഭ്യര്‍ത്ഥന – സിദ്ദിഖ് പറയുന്നു. തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. പാലച്ചുവടിലുള്ള വ്യാസവിദ്യാലയത്തില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു സിദ്ദിഖ്.
അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തിന് അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. വിധി വന്നശേഷം തൃപ്തിയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുക എന്നതാണ് മര്യാദ. നിയമസംവിധാനത്തിന്റെ പ്രവര്‍ത്തന രീതി അത്തരത്തിലാണെന്നും സിദ്ദിഖ് പറഞ്ഞു. ‘തൃക്കാക്കരയില്‍ വികസനം കൊണ്ടുവരുമെന്നാണ് എല്ലാ സ്ഥാനാര്‍ത്ഥികളും പറയുന്നത്. ഇത് കേള്‍ക്കുമ്പോള്‍ തൃക്കാക്കര ഇനി എങ്ങോട്ട് വികസിപ്പിക്കുമെന്ന് സംശയം തോന്നാറുണ്ട്. കെട്ടിടങ്ങള്‍ കൊണ്ട് തൃക്കാക്കര തിങ്ങിഞെരിഞ്ഞു. റോഡ് നിര്‍മാണത്തിനുള്‍പ്പെടെ ഊന്നല്‍ നല്‍കി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നാണ് സിദ്ദിഖിന്റെ അഭിപ്രായം.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അന്വേഷണം തുടരാന്‍ മൂന്ന് മാസം സാവകാശം ചോദിച്ചുകൊണ്ട് പ്രോസിക്യൂഷന്‍ സീല്‍ഡ് കവറിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ചത് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു. ഇതോടെ കോടതി കേസ് പരിഗണിക്കുന്നത് വ്യഴാഴ്ചത്തേക്ക് മാറ്റി. ഇതിനിടെ, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിലെ വാദത്തിനിടെ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ ശബ്ദരേഖ ഫൊറന്‍സിക് ലാബില്‍ നിന്ന് വിളിച്ച് വരുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമായി ഇത് ഒത്തുനോക്കണം. ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നത് ഇതില്‍ നിന്ന് വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഈ അപേക്ഷയും വ്യാഴാഴ്ച കോടതി പരിഗണിക്കും.