തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗീതു മോഹന്‍ദാസും ഡബ്ലിയു സി സിയും എന്ന് പടവെട്ട് സിനിമയുടെ സംവിധായകന്‍

കഴിഞ്ഞ ദിവസം റിലീസ് ആയ ‘പടവെട്ട്’ എന്ന നിവിന്‍ പോളി സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനും വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഗീതു മോഹന്‍ദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്‍നിന്നു മായ്ക്കാന്‍ ശ്രമിച്ചെന്നും ലിജു ആരോപിച്ചു.

പടവെട്ടിന്റെ റിലീസിനോട് ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് ലിജു ആരോപണം ഉന്നയിച്ചത്. പടവെട്ടിന്റെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായതായും അതിന്റെ പേരിലാണ് തന്നെ ദ്രോഹിച്ചതെന്നും ലിജു കൃഷ്ണ ആരോപിക്കുന്നു. തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കട്ടെയെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ലിജു അറിയിച്ചു. പടവെട്ട് സിനിമയുടെ കഥയില്‍ അവര്‍ പറഞ്ഞ കറക്ഷന്‍ ഞാന്‍ എടുത്തില്ല എന്നതായിരുന്നു പരാതി.

ഒരുപക്ഷേ നിവിനോട് ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്നവര്‍ പറഞ്ഞു കാണും. നിവിന്‍ അത് കേട്ടില്ല. ഒരു പോയിന്റ് എത്തിയപ്പോള്‍ എന്റെ സിനിമയില്‍ എന്റെ പേര് ഉണ്ടാകാന്‍ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം. നിര്‍മാതാക്കള്‍ക്ക് നിരന്തരം അയക്കുന്ന മെയിലുകളില്‍നിന്ന് ഞങ്ങള്‍ക്ക് അത് വ്യക്തമായി. ഡബ്ല്യുസിസി എന്ന സംഘടനയാണ് നിരന്തരം മെയില്‍ അയച്ചുകൊണ്ടിരുന്നത്. ഡബ്ല്യുസിസി എന്ന സംഘടനയെ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങള്‍. അതിന്റെ ആവശ്യകത ഞങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികള്‍ സംഘടനയ്ക്ക് മുകളില്‍ നില്‍ക്കുന്നു അതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

എല്ലാം ഉണ്ടാകുന്നത് ഈഗോയില്‍ നിന്നാണല്ലോ? അവര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളൊക്കെ ടെക്‌നീഷ്യന്‍സിനോട് ചോദിച്ചാലും നിങ്ങള്‍ക്ക് അറിയാം. കാരണം ഈ പ്രശ്‌നങ്ങളൊക്കെ അവരെയും ബാധിച്ചിരുന്നു. ആ ഗ്രൂപ്പിനോടൊപ്പം ചെയ്ത മൂത്തോന്‍, തുറമുഖം എന്നിവ കഴിഞ്ഞിട്ടാണ് നിവിന്‍ പടവെട്ടിലേക്ക് വരുന്നത്. നിവിന്‍ അവരോടൊപ്പം ഇരുന്നപ്പോള്‍ ഈ കഥയെക്കുറിച്ച് എക്‌സൈറ്റ്‌മെന്റോടെ സംസാരിച്ചത് കാരണമാകാം കഥ കേള്‍ക്കണമെന്ന് അവര്‍ താല്പര്യപ്പെട്ടത് എന്നാണ് നിവിനില്‍നിന്നു ഞാന്‍ മനസ്സിലാക്കിയത്. അത് സിനിമയ്ക്ക് പോസിറ്റീവായി സപ്പോര്‍ട്ട് ആകും എന്ന് തോന്നിയതുകൊണ്ടാണ് 2019ല്‍ ഞാന്‍ കഥ അവരോട് പറയുന്നത്. അല്ലാതെ അവരോട് കഥ പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചതല്ല. കഥയില്‍ അവര്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍ ഞാന്‍ തീരുമാനമെടുത്തോളാം എന്ന് ഞാനും ശാഠ്യം പിടിച്ചു. അങ്ങനെയാണെങ്കില്‍ ഈ സിനിമ സംഭവിക്കില്ല എന്ന് അവര്‍ പറയുകയുണ്ടായി.

എനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണോ എന്ന് അന്വേഷിച്ച് തെളിയട്ടെ എന്നാണ് ഞാന്‍ പറയുന്നത്. അന്വേഷണത്തോട് ഞാന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ഈ കാര്യത്തില്‍ ഞാന്‍ ആരോടും സപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. നിയമപരമായി നേരിടാന്‍ തന്നെയാണ് ഞാനും എന്റെ ടീമും തീരുമാനിച്ചിരിക്കുന്നത്. മുഖ്യധാരാസിനിമയിലെ ഒരു സൂപ്പര്‍സ്റ്റാറിനെ വച്ച് ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യുക എന്നുള്ളത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് ശ്രമകരമായ കാര്യമാണ്. ആ സിനിമ റിലീസ് ആകുമ്പോഴാണ് എന്റെ പേരില്ലാതെ റിലീസ് ചെയ്യണം എന്നുള്ള ആവശ്യം ഉയര്‍ന്നത്. കേരളത്തിലെ എല്ലാ സംഘടനകളിലേക്കും ഓള്‍ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലേക്കു പോലും എന്റെ പേര് മാറ്റാനായുള്ള കത്തുകള്‍ പോയിട്ടുണ്ട്. ഇന്ന് എന്റെ സിനിമ റിലീസ് ചെയ്ത് എന്റെ പേര് വെള്ളിത്തിരയില്‍ എഴുതി കാണിച്ചപ്പോള്‍ ഇന്നു പോലും എന്റെ പേര് മാറ്റണമെന്ന് പരാതി അയച്ചതിന്റെ തെളിവുണ്ട്. പുതിയ ആള്‍ക്കാരെ സംബന്ധിച്ച് ഇത്തരം നടപടി വളരെ പരിതാപകരമാണ്.