മര്‍ദ്ദനമേറ്റ പാടുകളില്ല ; കോഴിക്കോട്ടെ ആദിവാസി യുവാവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഡോക്ടര്‍

കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളൊന്നുമില്ലെന്ന് ഫൊറന്‍സിക് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസിപിക്ക് മൊഴി നല്‍കി. ആറ് മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. ഇത് മരത്തില്‍ ഉരഞ്ഞതുമൂലം ഉണ്ടായതാണെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. ആള്‍ക്കൂട്ട ആക്രമണത്തിന് നിലവില്‍ തെളിവില്ലെങ്കിലും ശാസ്ത്രീയ അന്വേഷണം തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

അതേസമയം ഇന്ന് വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി കല്‍പ്പറ്റയിലെ വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ചു. രാവിലെ പത്ത് മണിയോടെയാണ് രാഹുല്‍ ഗാന്ധി കല്‍പ്പറ്റ വെള്ളാരം കുന്നിലെ വിശ്വനാഥന്റെ വീട്ടിലെത്തിയത്. പ്രതിപക്ഷ നേതാവ്, വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കൈക്കുഞ്ഞുമായി വിശ്വനാഥന്റെ ഭാര്യ ബിന്ദുവും അമ്മയും തങ്ങള്‍ക്കുണ്ടായ ദുരനുഭവം രാഹുലിനോട് വിവരിച്ചു. ഏറെക്കാലത്തിന് ശേഷം കുട്ടിയുണ്ടായ സന്തോഷത്തിലായിരുന്ന വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സമഗ്ര അന്വേഷണമാണ് ആവശ്യമെന്നും കുടുംബം രാഹുലിനോട് പറഞ്ഞു. സംഭവം ദുഖകരമാണെന്നും കുടുംബത്തിന്റെ ഒപ്പം താന്‍ ഉണ്ടാകുമെന്നും ഉറപ്പ് നല്‍കിയ ശേഷമാണു രാഹുല്‍ മടങ്ങിയത്.

വിശ്വനാഥന്റെ മരണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം തുടരുകയാണ്. സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഒരുസംഘം മര്‍ദി ച്ചിരുന്നു. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിശ്വനാഥനെ ശനിയാഴ്ചയാണ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.