പച്ചകൃഷിപ്രേമികള്‍ക്കു വിയന്നയിലെ ശ്മാശാനങ്ങളില്‍ കൃഷിചെയ്യാന്‍ സുവര്‍ണ്ണ അവസരം

വര്‍ഗീസ് പഞ്ഞിക്കാരന്‍

വിയന്ന: പത്ത് ലക്ഷത്തില്‍ ഏറെ ജനസംഖ്യ ഉള്ള നഗരങ്ങളില്‍ വച്ച് മുന്തിരി കൃഷിയും വന്‍തോതില്‍ വീഞ്ഞ് ഉത്പാദനവും സര്‍ക്കാര്‍ തലത്തില്‍ പ്രോത്സാഹിപ്പിക്കുന്ന ലോകത്തിലെ ഏക നഗരമാണ് വിയന്ന. അതേസമയം വിയന്ന നഗരകൗണ്‍സില്‍ ഇപ്പോളിതാ നഗരപ്രദേശത്ത് പച്ചക്കറി കൃഷി സ്വകാര്യ അടിസ്ഥാനത്തില്‍ തുടങ്ങാന്‍ വേണ്ട സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അര്‍ബന്‍ ഗാര്‍ഡനിങ് (Urban Gardening) എന്ന തലക്കെട്ടില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഈ പ്രൊജക്റ്റ് നഗരത്തിലുള്ള ഏറ്റവും വിസ്തൃതമായ രണ്ടു ശ്മാശാനങ്ങളില്‍ കല്ലറകള്‍ ഇല്ലാത്ത മേഖലകളില്‍ മാത്രമായിട്ടായിരിക്കും നടപ്പിലാക്കുക. എന്നാല്‍ വിയന്ന – സിമ്മെറിങ്ങിലെ സെന്‍ട്രല്‍ ശ്മാശാനത്തിലും (2500000 m²) വിയന്ന – മൈഡിലിങ്ങിലുഉള്ള സൗത്ത്-വെസ്റ്റ് ശ്മാശാനത്തിലും (239000 m²) ഈ പായോനീര്‍ പ്രൊജക്റ്റ് ആരംഭിക്കുന്നത്.

വര്‍ഷം139 യൂറോ മാത്രം കൊടുത്തു പാട്ടത്തിന് കിട്ടുന്ന 24m² വീതം വിസ്ഥാരമുള്ള പ്ലോട്ടുകളില്‍ കൃഷി നടത്താന്‍ അക്കര്‍ഹെല്‍ഡണ്‍ എന്ന് പേരുള്ള തോട്ട – കൃഷി കമ്പനിയുടെ സഹായാഹകരണം ഉണ്ടായിരിക്കും. സ്ഥലം ലഭിക്കുമ്പോള്‍ തന്നെ 8 തടങ്ങളില്‍ ജൈവപച്ചക്കറി ചെടികള്‍ നട്ടിരിക്കും, 4 തടങ്ങള്‍ പിന്നീട് ഉണ്ടാക്കും. കൃഷിപണിക്കു ആവശ്യമുള്ള ഉപകരണങ്ങള്‍ പോലും സ്ഥലത്തുതന്നെ ലഭിക്കും.

ജൈവപച്ചക്കറികളുടെ വിളവെടുപ്പ് നിലം വാടകയ്ക്ക് എടുത്തവര്‍ക്കു സ്വതന്ത്രമായി നടത്താം. വിളവ് സ്വന്തമായി ഏതു വിധത്തിലും ഉപയോഗിക്കുകയും ചെയ്യാം. വിയന്ന സര്‍ക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും ഒരു ശ്മശാനത്തില്‍ ഒരു കല്ലറയുടെ അവകാശം ഉള്ളവര്‍ക്കാണ് ഇത്തരം പ്ലോട്ട് കിട്ടാന്‍ അര്‍ഹത ഉള്ളത്. അങ്ങനെ ഒരു അവകാശം നിലവില്‍ ഇല്ലെങ്കില്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഗ്രേവില്‍ (https://digitalesgrab.friedhoefewien.at/) രജിസ്റ്റര്‍ ചെയ്തു ഒരു കുഴിമാടം സ്വന്തമാക്കാം. വിയന്നയിലെ ശ്മാശാനങ്ങളുടെ ഭരണസമിതിയുടെ നേരിട്ട് ബന്ധപ്പെട്ടും സ്ഥലം പാട്ടത്തടിനെടുക്കാവുന്നതാണ്.

ശ്മാശാനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നില്ല, അവസാനിക്കുന്നില്ല, അവിടെയെല്ലാം ജീവന്‍ ജ്വലിക്കുന്നു. പാര്‍ക്കുകള്‍ അല്ലെങ്കില്‍ സവാരിക്കുള്ള സ്ഥലം പോലെ കാണപ്പെടുന്ന ഈ ശ്മാശാനങ്ങളില്‍ ജനങ്ങള്‍ വന്നു കൃഷി നടത്തി വിളവെടുത്തു പോകുമ്പോള്‍ അവിടെമെല്ലാം വീണ്ടും ജീവന്‍ തുടിക്കുക്കുകയും ഒപ്പം ഭംഗിയുള്ള സ്ഥലമാകുകയും ചെയ്യും. ശ്മാശാനങ്ങളില്‍ സസ്യങ്ങള്‍ പടര്‍ന്നു പന്തലിക്കുമ്പോള്‍ നഗരത്തിലെ ജൈവവൈവിധ്യങ്ങള്‍ സമൃദ്ധമാകുന്നതിനോടൊപ്പം അന്തരീക്ഷം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.

വിയന്നയില്‍ ഒരു കല്ലറ സ്വന്തമാക്കുക എന്നത് മുന്‍കരുതലിന്റെ കൂടി ഭാഗമാണ്. അതിനോടൊപ്പം ഒരു പച്ചക്കറിത്തോട്ടംകൂടി പരിപാലിച്ചു വിളവെടുക്കാനും കഴിയുന്നത് ജീവിതത്തോടുള്ള അഭിനിവേശവും, സസ്യങ്ങളോടും, വായുവിനോടും പ്രകൃതിയുമായുള്ള മനുഷ്യന്റെ സമ്പര്‍ക്കത്തെ വീണ്ടും ഉത്തേജിപ്പിക്കാനും ജീവനെ പരിരക്ഷിക്കാനുമുള്ള അവസരം കൂടുതലുണ്ടാകുന്നുവെന്നു നരഗരാധികാരികള്‍ കണക്കുകൂട്ടുന്നു. പ്രകൃതിയെ നവീകരിക്കാനും സംരക്ഷിക്കാനും അവരസരം ഒരുക്കുന്ന വിയന്ന സ്റ്റേറ്റ് ഗവണ്മെന്റിന്റെ ഈ പ്രൊജക്റ്റ് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.