ഹമാസ് വടക്കന്‍ ഗാസ ഭരണ കേന്ദ്രം ജനം കൊള്ളയടിച്ചു; നേതാക്കളെ വധിച്ചെന്ന് ഇസ്രയേല്‍

ജറുസലേം: വടക്കന്‍ ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടമായെന്നു ഇസ്രയേല്‍. ഹമാസിന്റെ ഉന്നത നേതാക്കളില്‍ പലരേയും വധിച്ചതായും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഹമാസിന് ഗാസയുടെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായെന്നും മന്ത്രി വ്യക്തമാക്കി.

ഹമാസിന്റെ ഗാസയിലെ ഭരണ കേന്ദ്രം ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തു. ഹമാസിന്റെ സുപ്രധാന കേന്ദ്രങ്ങള്‍ ജനങ്ങള്‍ കൊള്ളയടിച്ചതായും മന്ത്രി അവകാശപ്പെട്ടു.

വടക്കന്‍ ഗാസയില്‍ നിന്നു ഹമാസ് സംഘാംഗങ്ങളില്‍ പലരും തെക്കോട്ട് പലയാനം ചെയ്യുകയാണ്. ഹമാസിന്റെ മുന്‍ ഇന്റലിജന്‍സ് തലവന്‍ മുഹമ്മദ് ഖാസിമിനെ വധിച്ചു, ഹമാസിന്റെ മിസൈല്‍ ആക്രമണ സംവിധാനത്തിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച യാഖൂബ് അസറും കൊല്ലപ്പെട്ടു.

ഇസ്രയേല്‍ ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്തു വിട്ട വീഡിയോയിലാണ് മന്ത്രിയുടെ അവകാശ വാദങ്ങള്‍. ഇതിന്റെ തെളിവുകളൊന്നും പക്ഷേ അദ്ദേഹം പുറത്തു വിട്ടിട്ടില്ല.

അതിനിടെ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതായി റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ അഴുകുന്നു. മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ ഇസ്രയേല്‍ സൈന്യം അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടിയന്തര ചികിത്സ വേണ്ട 600ഓളം രോ?ഗികള്‍ മരണ മുഖത്താണെന്നും റിപ്പോര്‍ട്ടുകളുണ്ട്.