കൈരളി നികേതന്‍ വിയന്നയ്ക്ക് നവനേതൃത്വം

വിയന്ന: ഓസ്ട്രയയില്‍ ജനിച്ചുവളരുന്ന കുട്ടികള്‍ക്ക് മലയാളവും, ഭാരതീയ നൃത്തനൃത്യങ്ങളും വിനോദകലകളുമൊക്കെ അഭ്യസിപ്പിക്കാനായി ആരംഭിച്ച കൈരളി നികേതന്‍ വിയന്നയ്ക്ക് 14 പേരടങ്ങിയ പുതിയ ജനറല്‍ ബോഡി കൗണ്‍സില്‍ നിലവില്‍ വന്നു. വരുന്ന രണ്ടു വര്‍ഷത്തേയ്ക്കുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി ഏകോപിപ്പിക്കും.

എബി കുര്യന്‍ പ്രസിഡന്റായും, സെക്രട്ടറിയായി ജോബി ആന്റണിയും ട്രഷററായി സോജ മൂക്കന്‍തോട്ടത്തിലും നിയമിതനായി. ഫാ. ഡിന്റോ പ്ലാക്കല്‍ (സെന്റ് ജോസഫ് ചര്‍ച്ച്, എസ്ലിങ്) ബോബി കാഞ്ഞിരത്തുമൂട്ടില്‍ (സെന്റ് തോമസ് ചര്‍ച്ച്, മൈഡ്‌ലിങ്) എന്നിവര്‍ സീറോ മലബാര്‍ സഭയുടെ സവിശേഷ അധികാരങ്ങളുമുള്ള പ്രതിനിധികളുമായി ചുമതലയേറ്റു.

ടിജി കോയിത്തറ (വൈസ് പ്രസിഡന്റ്), സെബാസ്റ്റ്യന്‍ കിണറ്റുകര (ജോയിന്റ് സെക്രട്ടറി), ബിബിന്‍ കുടിയിരിക്കല്‍ (ആര്‍ട്‌സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍), ലില്ലി അരുണ്‍ (സ്‌പോര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍) എന്നിവരും ആര്‍ട്‌സ് ക്ലബ് സെക്രട്ടിമാരായി ആശ നിലവൂര്‍, മജോള്‍ തോമസ്, ഫിനാന്‍സ് കമ്മിറ്റി അംഗമായി ജിന്‍സ്‌മോന്‍ ജോസഫ്, സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി സുജീഷ് സെബാസ്റ്റ്യന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി അഭിലാഷ് എര്‍ത്തെ മടത്തിലും നിയമിതനായി.

ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സീറോ മലബാര്‍ സഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സ്ഥാപിതമായ കൈരളി നികേതന്‍ എന്ന സ്ഥാപനം ഈ വര്‍ഷം മുതല്‍ വിയന്നയിലെ രണ്ടു സീറോ മലബാര്‍ ഇടവകകളുടെ (എസ്ലിങ്, മൈഡിലിങ്) പ്രതിനിത്യത്തോടുകൂടിയ സ്വതന്ത്രമായ സാംസ്‌കാരിക സംഘടനയായി രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം കൈരളി നികേതന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പഴയതുപോലെ തുടരുമെന്നും സംഘടനയുടെ ഔപചാരികമായ രജിസ്‌ട്രേഷനില്‍ മാത്രമാണ് മാറ്റമുണ്ടായതെന്നും പ്രസിഡന്റ് എബിബി കുര്യന്‍ പറഞ്ഞു.

സീറോ മലബാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പൗരസ്ത്യ സഭകള്‍ക്കും വേണ്ടി വിയന്ന അതിരൂപതയില്‍ അനുവദിച്ചിരിക്കുന്ന ഓര്‍ഡിനറിയാത്തിന്റെ (മാര്‍പാപ്പ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം) വികാരി ജനറാള്‍ മോണ്‍. യുറീ കൊളാസ വിയന്നയിലെ സീറോ മലബാര്‍ ഇടവക വൈദികരുമായി നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തില്‍ ഓസ്ട്രിയയുടെ നിയമങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ സുഗമമായ പ്രവര്‍ത്തിക്കാനാണ് കൈരളി നികേതന്‍ ഒരു സ്വതന്ത്ര അസോസിയേഷനായി (ഫെറയിന്‍) രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനം എടുത്തത്.

‘കൈരളി നികേതന്‍ വിയന്ന’ എന്ന പേരില്‍ ഓസ്ട്രിയയിലെ നിയമനുസരിച്ചു രജിസ്റ്റര്‍ ചെയ്ത സംഘടന ഭാരതീയസംസ്‌കാരവും കലകളും പ്രോത്സാഹിപ്പിക്കുന്നതിനും, മലയാളം ഭാഷ പഠിപ്പിക്കുന്നതിനും, പ്രവാസി കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന മറ്റു പരിപാടികളും ക്രിസ്ത്യന്‍ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലിപ്പിക്കുക എന്നതാണ് കൈരളി നികേതന്റെ പ്രധാന ഉദ്ദേശ്യം.