ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി

മുംബൈ: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാനാവില്ലെന്ന ബംഗ്ലാദേശ് സര്‍ക്കാരിന്റെ നിലപാടിനെത്തുടര്‍ന്നാണ് ഐസിസിയുടെ ഈ കര്‍ശന നടപടി. ബംഗ്ലാദേശിന് പകരക്കാരായി സ്‌കോട്ട്‌ലന്‍ഡ് ടീമിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊല്‍ക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിരുന്ന തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്ന് നല്‍കിയ 24 മണിക്കൂര്‍ അന്ത്യശാസനം അവസാനിച്ചതോടെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഔദ്യോഗികമായി ബംഗ്ലാദേശിനെ ഒഴിവാക്കിയ വിവരം ഐസിസി അറിയിച്ചത്.

ഐസിസി ബോര്‍ഡ് യോഗത്തില്‍ പാകിസ്ഥാന്‍ മാത്രമാണ് ബംഗ്ലാദേശിന്റെ നിലപാടിനെ പിന്തുണച്ചത്. ടൂര്‍ണമെന്റിനോട് അടുത്ത സമയത്ത് ഷെഡ്യൂളില്‍ മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്നും, വ്യക്തമായ സുരക്ഷാ ഭീഷണികളില്ലാതെ മത്സരങ്ങള്‍ മാറ്റുന്നത് ഭാവിയില്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രേരണയാകുമെന്നും ഐസിസി വ്യക്തമാക്കി.

അതേസമയം, ഐസിസിയുടേത് ഇരട്ടത്താപ്പാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി മൊഹ്‌സിന്‍ നഖ്വി ആരോപിച്ചു. ഒരു രാജ്യത്തിന് അവരുടെ ഇഷ്ടാനുസരണം തീരുമാനങ്ങള്‍ എടുക്കാമെന്നും എന്നാല്‍ മറ്റൊരു രാജ്യത്തോട് വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ ലോകകപ്പില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും നഖ്വി വാര്‍ത്താലേഖകരോട് പറഞ്ഞു.

ബംഗ്ലാദേശിനായി ഹൈബ്രിഡ് മോഡല്‍ അനുവദിക്കാത്തതിനെയും പാകിസ്ഥാന്‍ വിമര്‍ശിച്ചു. 2026 ലോകകപ്പിലെ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം പുതിയ ഹൈബ്രിഡ് മോഡല്‍ പ്രകാരം കൊളംബോയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചതോടെയാണ് തര്‍ക്കങ്ങള്‍ രൂക്ഷമായത്. അതിര്‍ത്തിയിലെ പ്രശ്നങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് താരത്തെ ഒഴിവാക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെയാണ് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ഉറച്ചുനിന്നത്.

ബംഗ്ലാദേശ് പുറത്തായതോടെ, അവര്‍ കളിക്കേണ്ടിയിരുന്ന ഗ്രൂപ്പ് സി മത്സരങ്ങളില്‍ ഇനി സ്‌കോട്ട്‌ലന്‍ഡ് പങ്കെടുക്കും. ഫെബ്രുവരി 17-ന് മുംബൈയില്‍ നേപ്പാളിനെതിരെയുള്ള മത്സരമുള്‍പ്പെടെ നാല് മത്സരങ്ങളാണ് സ്‌കോട്ട്ലന്‍ഡ് കളിക്കുക.