മനസ്സിന്റെ ഭാഷ; ചിന്ത ചലനമാണ്: അവബോധം നിശബ്ദതയാണ്

എന്താണ് മനസ്സിന്റെ ഭാഷ? എങ്ങനെയാണ് നമ്മുടെ മനസ്സ് ശരീരവുമായി സംവദിക്കുന്നത്? ചിന്തകള്‍ വാക്കുകളായി ഉള്ളില്‍ കേള്‍ക്കുന്നതുപോലെ നമുക്ക് തോന്നാം, പക്ഷേ മനസ്സ് പല രീതികളില്‍ ആശയവിനിമയം നടത്തുന്നു. വാക്കുകള്‍ അതിന്റെ പദാവലിയുടെ ഒരു ഭാഗം മാത്രമാണ്. അവയ്ക്ക് കീഴില്‍, ചിത്രങ്ങള്‍, വികാരങ്ങള്‍, സംവേദനങ്ങള്‍, ഓര്‍മ്മകള്‍, ചിഹ്നങ്ങള്‍, പ്രേരണകള്‍ എന്നിവയുണ്ട്. അതിനാല്‍ വാക്കുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല മനസ്സിന്റെ ഭാഷ.

നമ്മള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍, മനസ്സിന്റെ ഭാഷ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതായി നമുക്ക് അനുഭപ്പെടും. ചിലപ്പോള്‍ അത് ഉച്ചത്തിലുള്ള വാക്കുകളായി മനസ്സില്‍ മുഴങ്ങും; മറ്റുചിലപ്പോള്‍ നിശ്ശബ്ദവും ആഴത്തിലുള്ള അവബോധമായി നമുക്ക് അനുഭവപ്പെടും. ചില നിമിഷങ്ങളില്‍ അത് വികാരങ്ങളുടെ തരംഗമായി ഉയരും, മറ്റുചിലപ്പോള്‍ ദൃശ്യങ്ങളായി മനസ്സില്‍ വിരിയും. എന്നാല്‍ ഈ എല്ലാ പ്രകടനങ്ങള്‍ക്കും അടിസ്ഥാനമായി നില്‍ക്കുന്നത്, അത് പ്രത്യക്ഷപ്പെടുന്ന മനസ്സിന്റെ വിശാലമായ ഇടമാണ്. മനസ്സിന്റെ ഭാഷയിലെ പദസഞ്ചയം കാര്യമായി മാറ്റപ്പെടുന്നില്ല.

വാക്കുകള്‍ക്ക് മുമ്പ്, മനസ്സ് ചിത്രങ്ങളിലൂടെയും, വികാരങ്ങളിലൂടെയും, ശാരീരിക സംവേദനങ്ങളിലൂടെയും സംസാരിക്കും. ഒരു ഓര്‍മ്മ, നിറങ്ങളുടെ ഒരു മിന്നല്‍, ഒരു ഗന്ധം, നെഞ്ചിലെ ഒരു ഇറുക്കം എന്നിവയായി അത് നമുക്ക് അനുഭവപ്പെടാം. മനുഷ്യ മനസ്സിന്റെ ഏറ്റവും പഴക്കമേറിയതും, ഏറ്റവും പ്രാകൃതവുമായ ഭാഷയാണിത് – നമ്മള്‍ സംസാരിക്കുവാന്‍ പഠിക്കുന്നതിന് മുമ്പ് മാനവരാശി സാര്‍വ്വത്രികമായി പങ്കിട്ട ഒരേയൊരു ഭാഷയാണിത്.

സ്വപ്നത്തിലെ ചിഹ്നങ്ങളും രൂപകങ്ങളും

സ്വപ്നങ്ങളില്‍, മനസ്സ് നേരിട്ട് സംസാരിക്കാറില്ല. അത് ചിഹ്നങ്ങളിലൂടെയും രൂപകങ്ങളിലൂടെയും കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നു. വാക്കുകള്‍ പോലെ നേരെ പറയുന്നതിനുപകരം, സൂചനകളിലൂടെ അര്‍ത്ഥം നല്‍കുന്നു. ഉദാഹരണത്തിന്, ഒരു വീട് നമ്മെ തന്നെ സൂചിപ്പിക്കാം. നമ്മുടെ സ്വഭാവം അല്ലെങ്കില്‍ ജീവിതം. വെള്ളം നമ്മുടെ വികാരങ്ങളെ സൂചിപ്പിക്കാം. ശാന്തമായ തടാകം ശാന്തതയും, കൊടുങ്കാറ്റുള്ള സമുദ്രം ആശങ്കയെയോ, ഭയത്തെയോ സൂചിപ്പുക്കുന്നു. അബോധമനസ്സ് ഇത്തരത്തിലുള്ള പരോക്ഷവും കാവ്യാത്മകവുമായ രീതിയില്‍ സംസാരിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

നിശബ്ദ ഭാഷ

എല്ലാ ശബ്ദങ്ങള്‍ക്കും കീഴില്‍ ശാന്തമായ ഒരിടമുണ്ട്. ശുദ്ധമായ അവബോധം, സാന്നിധ്യം. വാക്കുകള്‍ക്ക് അതീതമായ അറിയല്‍. ഇത് ഒരുപക്ഷേ മനസ്സിന്റെ ഏറ്റവും ആഴമേറിയ ഭാഷയാണ്. ചിന്തയിലേക്ക് വിവര്‍ത്തനം ചെയ്യാതെ തന്നെ മനസ്സിലാക്കുന്ന സംശുദ്ധമായ അവബോധം. മനസ്സ് സ്വയം മനസ്സിലാക്കുവാന്‍ ഈ ഭാഷ ഉപയോഗിക്കുന്നു. എന്നാല്‍ അതിന്റെ ആഴമേറിയ സ്വഭാവം ഭാഷയ്ക്ക് മുമ്പും ശേഷവും നിലനില്‍ക്കുന്നു – വാക്കുകള്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത്.

മനസ്സിന്റെ ഭാഷ

ജീവിതത്തില്‍ സ്ഥായിയായ മാറ്റം വരുത്തുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നെങ്കില്‍ മനസ്സിന്റെ ഭാഷ നാം നന്നായി പഠിക്കണം. ഓരോ ചിന്തയും ഒരു വൈദ്യുത ആജ്ഞയാണ്, ഓരോ വികാരവും ഒരു കാന്തികക്ഷേത്രമാണ്. നമ്മള്‍ ഒരു കാര്യം ചിന്തിക്കുകയും മറ്റൊന്ന് നമ്മുടെ ഉള്ളില്‍ അനുഭവിക്കുകയും ചെയ്യുക പതിവാണ്. ഉദാഹരണത്തിന്, കോപം നിയന്ത്രിക്കുമ്പോള്‍ സമാധാനം ആഗ്രഹിക്കുന്നത് പോലെ നമുക്ക് തോന്നാം. ഈ സമയത്തു നമ്മുടെ ശ്രദ്ധയെ, ആഗ്രഹത്തെ തകര്‍ക്കുന്ന മിശ്രിത സിഗ്‌നലുകള്‍ നമ്മുടെ ഉള്ളില്‍ സൃഷ്ടിക്കപ്പെടുകയും നമ്മുടെ ശ്രദ്ധ തകര്‍ന്ന് ഉള്ളില്‍ അസ്വസ്ഥത തോന്നുകയും ചെയ്യും. നമ്മുടെ ചിന്തകളും വികാരങ്ങളും തമ്മില്‍ പൊരുത്തമില്ലെങ്കില്‍ മനസ്സില്‍ ആശയക്കുഴപ്പം ഉണ്ടാകും. പക്ഷേ, നമ്മള്‍ ചിന്തിക്കുന്നതും അനുഭവിക്കുന്നതും തമ്മില്‍ ഒത്തു ചേരുമ്പോള്‍ – ഉദാഹരണത്തിന്, ശാന്തതയെ ആഗ്രഹിക്കുകയും അത് അനുഭവിക്കുകയും ചെയ്യുമ്പോള്‍ ശരീരം വിശ്രമാസ്ഥയിലെത്തും. തല്‍ഫലമായി നമ്മുടെ മനസ്സും മസ്തിഷ്‌കവും പതുക്കെ സമതുലിതാവസ്ഥ കണ്ടെത്തുകയും നന്നായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുകയും ചെയ്യും.

ഈ പരിവര്‍ത്തനത്തിന് മണിക്കൂറുകളുടെ ധ്യാനം ആവശ്യമില്ല; ഒരു മിനിറ്റ് നിശബ്ദത അല്ലെങ്കില്‍ ബോധപൂര്‍വ്വമായ ശ്വാസോഛ്വാസം പോലുള്ള ചെറിയ നിമിഷങ്ങളിലൂടെയാണ് ഇത് ആരംഭിക്കുന്നത്. അത് നമ്മുടെ നാഡീവ്യവസ്ഥയോട് നമ്മള്‍ ആരാകണമെന്ന് പറയുന്നു. ഈ ശാന്തമായ നിമിഷങ്ങളില്‍, ന്യൂറോണുകള്‍ പുതിയ സഖ്യങ്ങള്‍ രൂപപ്പെടുത്തുകയും പഴയ വൈകാരിക പാതകള്‍ മങ്ങുകയും ചെയ്യുന്നു. പുതുതായ ഒരു അനുഭവിത്തിനായുള്ള മാര്‍ഗം കാണിച്ചുകൊണ്ട് നമ്മള്‍ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കുവാന്‍ തുടങ്ങും. അവബോധം മാറ്റത്തിന്റെ തുടക്കമാണ്. കാരണം, ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളിലേക്ക് നമ്മള്‍ പ്രക്ഷോപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പുതിയ ഊര്‍ജ്ജത്താല്‍ നമ്മുടെ മനസ്സ് നവീനമായ ഒരു യാഥാര്‍ത്ഥ്യം സൃഷ്ടിക്കും.

മനസ്സ് സംസാരിക്കുന്നു, പക്ഷേ അവബോധം ശ്രദ്ധിക്കുന്നു. ചിന്ത ചലനമാണ്. അവബോധം നിശബ്ദതയാണ്.