ഭീകരപ്രവര്‍ത്തനം: ആറ് യുക്രൈന്‍ സ്വദേശികളും ഒരു അമേരിക്കക്കാരനും എന്‍ഐഎ പിടിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്നാരോപിച്ച് ആറ് യുക്രൈന്‍ പൗരന്മാരെയും ഒരു അമേരിക്കന്‍ പൗരനെയും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്.

ഡല്‍ഹി, ലക്നൗ, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ നിന്നാണ് ഏഴ് പേരും എന്‍ഐഎയുടെ പിടിയിലായത്. അറസ്റ്റിലായ അമേരിക്കന്‍ പൗരനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്നും മറ്റ് പ്രതികളില്‍ മൂന്നുപേരെ ലക്നൗവില്‍ നിന്നും മൂന്നുപേരെ ഡല്‍ഹിയില്‍ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്.

കൃത്യമായ വിസ രേഖകളോടെയാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത് എങ്കിലും, നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ പ്രത്യേക അനുമതി കൂടാതെ ഇവര്‍ മിസോറാമിലേക്ക് കടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മിസോറാം അതിര്‍ത്തി വഴി മ്യാന്‍മറിലേക്ക് പോയ ഇവര്‍ അവിടെയുള്ള ഇന്ത്യ വിരുദ്ധ സായുധ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും എന്‍ഐഎ കോടതിയെ അറിയിച്ചു.

യൂറോപ്പില്‍ നിന്ന് ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാമഗ്രികള്‍ മിസോറാം വഴി മ്യാന്‍മറിലെ വിഘടനവാദി സംഘങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്നു. ഇന്ത്യയിലെ നിരോധിത തീവ്രവാദ സംഘടനകള്‍ക്ക് ആയുധങ്ങളും പരിശീലനവും നല്‍കുന്നതിന് ഈ സായുധ സംഘങ്ങള്‍ സഹായം നല്‍കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 18 ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി ആദ്യം മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളുടെ കസ്റ്റഡി മാര്‍ച്ച് 27 വരെ നീട്ടി നല്‍കിയിട്ടുണ്ട്.

പ്രതികളുടെ മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വിശകലനം ചെയ്യുന്നതിലൂടെ ഇവര്‍ക്ക് ലഭിച്ച സാമ്പത്തിക സഹായത്തെക്കുറിച്ചും ഇന്ത്യയിലുള്ള മറ്റാരെങ്കിലുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.