സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് കൈമാറാന്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഭരണാനുമതിക്കായി സര്‍ക്കാരെടുത്തത് 50 ദിവസം

എന്‍.ഐ.എക്ക് സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാനായി ഉപകരണങ്ങള്‍ വാങ്ങാനായി ഭരണാനുമതി നല്‍കാന്‍ സര്‍ക്കാരെടുത്തത് 50 ദിവസം. ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഉപകരങ്ങളുടെ വിശദവിവരങ്ങള്‍ ഓഗസ്റ്റ് 12 ന് പബ്ലിക്ക് വര്‍ക്‌സ് ഡിപാര്‍ട്ട്‌മെന്റ് പൊതുവിതരണ വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ ഭരാണുനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറങ്ങാന്‍ 50 ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു.

സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റില്‍ എത്തിയതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് കൈമാറാനായി 68,39.490 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാനായി പൊതുഭരണവകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവിറക്കിയത് ഒക്ടോബര്‍ ഒന്നിനായിരുന്നു. എന്നാല്‍ ഇതേ ഉത്തരവിന്റെ സൂചനകളിലൂടെ കടന്ന് പോകുമ്പോഴാണ് ഉത്തരവിറങ്ങാനുണ്ടായ കാലതാമസം വ്യക്തമാകുന്നത്.

ഓഗസ്റ്റ് അഞ്ചിന് പൊതുഭരണ, ഹൌസ് കീപ്പിങ് വിഭാഗം സി.സി.ടി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ഉപകരണങ്ങളുടെ വിശദവിവരങ്ങള്‍ പബ്ലിക്ക് വര്‍ക്കസ് ഡിപാര്‍ട്ട്‌മെന്റിനോട് ആരായുന്നു. ഓഗസ്റ്റ് 12 ന് വിവരം കൈമാറി. പക്ഷേ ഭരണാനുമതി ഉത്തരവ് ഇറങ്ങിയത് ഒക്ടോബര്‍ ഒന്നിന് . അതായത് 50 ദിവസ കാലയളവെന്ന് വ്യക്തം. ജൂലൈ അവസാനമായിരുന്നു സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ സര്‍ക്കാരിന് കത്ത് നല്‍കിയത്. ടെണ്ടറടക്കം ക്ഷണിച്ച് ഉപകരണങ്ങള്‍ വാങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കും. സര്‍ക്കാര്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് സര്‍ക്കാര്‍ നടപടി.