ഒരു പതിറ്റാണ്ടിന്റെ മഹനീയ നേട്ടം, ആദ്യത്തെ സപ്തഭാഷാ നിഘണ്ടു വിജ്ഞാനദാഹികളുടെ കരങ്ങളിലേക്ക്


വിയന്ന: അറിവിന്റെ നിറകുടമായി ലോകത്തിലെ ആദ്യത്തെ സപ്തഭാഷാ നിഘണ്ടു വിജ്ഞാനദാഹികള്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തിനില്‍ക്കുകയാണ് ഒരു മലയാളി. സമഗ്രമായി അന്തരാഷ്ട്രമികവോടെ സപ്തഭാഷാ നിഘണ്ടു പ്രകാശനം ചെയ്തപ്പോള്‍ ചരിത്രത്താളുകളില്‍ ഇടംപിടിച്ചിരിക്കുന്നത് വിയന്ന മലയാളിയായ ആന്റണി പുത്തന്‍പുരയ്ക്കലാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് സമഗ്രവും സചിത്രവുമായ ഈ നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്. സംസാരഭാഷയില്‍നിന്നുള്ള വാക്കുകളും, സാങ്കേതികപദങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ ബഹുഭാഷ നിഘണ്ടു ഓസ്ട്രിയയില്‍ നിന്നും ഒരു മലയാളിയിലൂടെ വെളിച്ചം കാണുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.

12 വര്‍ഷത്തെ തീവ്രശ്രമം, അതിലേറെ സാങ്കേതികമായ തടസ്സങ്ങള്‍, ഇത്തരത്തില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഗ്രന്ഥകര്‍ത്താവായ ആന്റണി ലോകത്തിലെ ആദ്യ സ്പതഭാഷാ നിഘണ്ടു എന്ന തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര നിലവാരത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നിഘണ്ടു പ്രകാശനം ചെയ്തതോടെ സ്വപ്‌നതുല്യമായ ലക്ഷ്യമാണ് ആന്റണി പുത്തന്‍പുരയ്ക്കലിന് കൈവന്നിരിക്കുന്നത്. പുതിയ നിഘണ്ടു ഒരു വ്യക്തിയ്‌ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ മാത്രമല്ല ലോകത്തിനു മുഴുവനും മുതല്‍കൂട്ടാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ആലേവ് കോറുണ്‍ പറഞ്ഞു.

ലോക മലയാളികള്‍ക്ക് അഭിമാനമായി ഒരു മലയാളിയിലൂടെ പുറത്ത് വന്ന സപ്ത ഭാഷാനിഘണ്ടുവിന്റെ പ്രകാശനചടങ്ങില്‍ വിവിധ സംസ്‌കാരങ്ങളില്‍ നിന്നും വിയന്നയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രമൂഖ വ്യക്തികള്‍ പങ്കെടുത്തു. നിഘണ്ടുവിന്റെ പ്രകാശനം ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന ഓസ്ട്രിയന്‍ പാര്‍ലമെന്റിലെ ആദ്യത്തെ തുര്‍ക്കി വംശജയായ കോണ്‍ഗ്രസ് വനിതാ എം പി ആലേവ് കോറുണ്‍ ഇന്ത്യന്‍ എംബസ്സിയെ പ്രതിനിധികരിച്ച് ചടങ്ങില്‍ പങ്കെടുത്ത ദീപക് ഓജയ്ക്ക് ആദ്യപ്രതി നല്കി നിര്‍വ്വഹിച്ചു. ഭാരതത്തിന്റെ ഓസ്ട്രിയയിലെ സാംസ്‌കാരിക സ്ഥാനപതിയായി അറിയപ്പെടുന്ന പ്രശസ്ത നര്‍ത്തകി രാധ അഞ്ജലി ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു. വര്‍ഗീസ് പഞ്ഞിക്കാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജെനി പുത്തന്‍പുരയ്ക്കല്‍ അവതാരകയായിരുന്നു. ബ്ലെസി ബെന്നി ആലപിച്ച ഗാനം ചടങ്ങില്‍ ശ്രദ്ധേയമായി. നന്ദി പ്രസംഗത്തില്‍ ആന്റണി പുത്തന്‍പുരയ്ക്കല്‍ നിഘണ്ടുവിന്റെ പൂര്‍ത്തികരണത്തില്‍ സഹായിച്ച എല്ലാവരെയും അനുസ്മരിച്ചു.

ഇരുപത്തിരണ്ടായിരം വാക്കുകളെ എഴ് ഭാഷകളിലായി വിവിധ രീതികളില്‍ കാട്ടിതരികയാണ് പുതിയ നിഘണ്ടു. ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഓരോ പദവും വായനക്കാരനെ പരിചയപ്പെടുത്തുന്നത്. ചിത്രത്തിന്റെ സഹായത്തോടെയാണ് ഓരോ പടവും ഏഴു ഭാഷകളില്‍ നല്കിയിരിക്കുന്നത്. പ്രസിദ്ധീകരണത്തിന് മുമ്പേ തന്നെ ആന്റണിയുടെ ഈ ചരിത്രപരമായ ദൗത്യം വിദേശമാധ്യമങ്ങളുടെ പോലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സപ്തഭാഷാ നിഘണ്ടു ദേശാന്തരങ്ങള്‍ക്കപ്പുറം വിജ്ഞാനദാഹികളുടെ കരങ്ങളിലേക്ക് എത്തുന്നതോടെ ഏതൊരു മലയാളിയേയും സംബന്ധിച്ചും അഭിമാനകരമായ മുഹൂര്‍ത്തമാണ് വന്നെത്തിയിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ളശൃേെ്ശൗെമഹറശരശേീിമൃ്യ@ഴാമശഹ.രീാ