ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടുവുമായി വിയന്ന മലയാളി


വിയന്ന: ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടു പ്രസിദ്ധീകരണത്തിന് തയ്യാറായി. ഓസ്ട്രിയയില്‍ നിന്നുള്ള ആന്റണി പുത്തന്‍പുരയ്ക്കലാണ് ഈ അപൂര്‍വ്വ നിഘണ്ടു ലോകത്തിനു സംഭാവന ചെയ്തിരിക്കുന്നത്. ലിപികള്‍ ഉള്ള ഒട്ടുമിക്കഭാഷകളിലും ഇന്ന് ഏകഭാഷാ നിഘണ്ടുവും ബഹുഭാഷ നിഘണ്ടുവും ലഭിക്കും. പുസ്തകരൂപത്തിലും ഓണ്‍ലൈന്‍ നിഘണ്ടുക്കളും നിലവിലുണ്ട്. എന്നാല്‍ സമഗ്രവും അതേസമയം സചിത്രവും ഏഴു ഭാഷകളില്‍ ഒരുപോലെ നല്‍കുന്നതുമായ ഒരു അവലംബഗ്രന്ഥം നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ല. പുതിയ സപ്തഭാഷ നിഘണ്ടുവിന്റെ പ്രസക്തിയും ഇത് തന്നെയാണ്.

ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, മലയാളം, ഹിന്ദി എന്നീ സപ്തഭാഷകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് സമാഹര്‍ത്താവായ ആന്റണി നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്. സംസാരഭാഷയില്‍നിന്നുള്ള വാക്കുകളും, സാങ്കേതികപദങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ ബഹുഭാഷ നിഘണ്ടു ഓസ്ട്രിയയില്‍ നിന്നും ഒരു മലയാളിയിലൂടെ വെളിച്ചം കാണുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. മലയാള ഭാഷയ്ക്ക് അതുല്യമായ ആദ്യനിഘണ്ടുക്കള്‍ സമ്മാനിച്ച അര്‍ണോസ് പാതിരിയുടേയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെയും ജന്മനാടുകളില്‍ നിന്നും അധികം അകലെയല്ലാത്ത വിയന്ന നഗരത്തിലാണ് സപ്തഭാഷ നിഘണ്ടുവും സാരഗ്രഹണം ചെയ്തതെന്നത് ഒരു ചരിത്രനിമിത്തമാകാം. സമാഹര്‍ത്താവിന്റെ ഒരു പതിറ്റാണ്ട് കാലം നീണ്ടുനിന്ന കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

അറുപത്തിരണ്ട് വിഷയങ്ങളില്‍ തെരഞ്ഞെടുത്ത ഇരുപത്തിരണ്ടായിരം വാക്കുകള്‍ ഏഴുഭാഷകളിലായി നിഘണ്ടുവിലുണ്ട്. ഓരോ വിഷയത്തിലുമുള്ള സാധാരണ പദങ്ങള്‍ മുതല്‍ ശാസ്ത്രീയ സാങ്കേിതക പദങ്ങളും ചിത്രങ്ങളുടെ സഹായത്തോടെ നിഘണ്ടുവില്‍ ലഭിക്കും. നാനൂറില്‍ അധികം പ്രവൃത്തി പദങ്ങള്‍, വിശേഷണ പദങ്ങള്‍, സ്ഥാനനിര്‍ണ്ണയ പദങ്ങള്‍ എന്നിവ ഒറ്റ പുസ്തകത്തില്‍ ലഭ്യമാക്കിയിരിക്കുന്നുവെന്ന പ്രത്യകതയും ഈ നിഘണ്ടുവിനെ വേറിട്ടതാക്കുന്നു. ഒരേ സമയം ഒരു നിഘണ്ടുവും വിജ്ഞാനകോശവുമായി ഉപയോഗിക്കാന്‍ സാധിക്കുന്ന സവിശേഷ ഗ്രന്ഥം കൂടിയാണ് ഇത്. അനുവാചകനായ ഒരാള്‍ക്ക് അനുദിന ജീവിതത്തില്‍ പ്രയോജനപ്പെടുന്ന പദങ്ങളുടെയും വസ്തുക്കളുടെയും വിവരണം മറ്റു പരിശോധനകള്‍ ഒഴിവാക്കി വളരെ വേഗത്തില്‍ കൃത്യമായി കണ്ടെത്താവുന്ന തരത്തിലാണ് നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്. അതേസമയം വിവിധ വിഷയങ്ങളിലുള്ള ഒരാധികാരിക കോശഗ്രന്ഥം കൂടിയാണിത്.

സാധാരണ നിഘണ്ടുവില്‍ ശീര്‍ഷക പദത്തിന്‍െ്‌റ നിരുക്തവും പദനിഷ്പത്തി വിവരണവുമാണ് കാണുക. സപ്തഭാഷ നിഘണ്ടുവില്‍ വ്യാഖ്യേയപദത്തിന്‍െ്‌റ അര്‍ത്ഥവിവരണം നല്‍കുന്നത് ചതുര്‍വര്‍ണ ചിത്രമാണ്. ഓരോ വ്യാഖ്യേയപദത്തിന്‍െ്‌റ വലതുവശത്ത് പദത്തിന്‍െ്‌റ ഉച്ഛാരണം അന്തരാഷ്ട്ര സ്വനലിപിയില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഭാഷാപഠനത്തിന് താല്പര്യമുള്ളവര്‍ക്ക് കൂടുതല്‍ സഹായകരമാകും. മറ്റൊരു അര്‍ത്ഥത്തില്‍ പടിഞ്ഞാറന്‍ യുറോപ്പില്‍ നിന്നും തെക്കന്‍ ഏഷ്യയിലേയ്ക്കുള്ള പദങ്ങളുടെ യാത്രകൂടിയാണ് സപ്തഭാഷ നിഘണ്ടുവിലൂടെ ഒരാള്‍ക്ക് ലഭ്യമാകുന്നത്.

എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലെ ഭാഷാശാസ്ത്രജ്ഞനായ ആര്‍. ഇ ആഷറാണ് സപ്തഭാഷ നിഘണ്ടുവില്‍ ഉപയോഗിച്ചിരിക്കുന്ന ഏഴുഭാഷകളുടേയും മുഖ്യപരിശോധകന്‍. ബഹുഭാഷ പണ്ഡിതനായ ആഷര്‍ തന്നെയാണ് നിഘണ്ടുവിന് ആമുഖം തയ്യാറാക്കിയിരിക്കുന്നതും. യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച ‘ഭാഷാവത്സരം 2001’, ഓസ്ട്രിയന്‍ ഫെഡറല്‍ മിനിസ്ട്രി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെയെല്ലാം ഔദ്യോഗിക അംഗീകാരവും സപ്തഭാഷ നിഘണ്ടുവിന് ഇതിനോടകം ലഭിച്ചുകഴിഞ്ഞു.


ഓസ്ട്രിയയിലെ അന്തരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ നിന്നും വിരമിച്ച ആന്റണി വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന കഠിനപ്രയ്‌നത്തിനൊടിവിലാണ് സപ്തഭാഷ നിഘണ്ടു പൂര്‍ത്തിയാക്കിയത്. വിയന്നയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാല കൈരളി സ്‌കൂളിന്റെ സ്ഥാപകനാണ്. ബിഎഡ് ബിരുദധാരിയായ അദ്ദേഹം പത്ത് വര്‍ഷത്തിലധികം ഇംഗ്ലീഷ് മലയാളം അധ്യാപകനായിരുന്നു. വിദേശ മലയാളി കുട്ടികള്‍ക്ക് വേണ്ടി മലയാളം പാഠ്യ പുസ്തകങ്ങളും രചിച്ചട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളായി വിയന്നയില്‍ കുടുംബസമേതം താമസിക്കുന്നു.