മുഹമ്മദ് നിസാം……… ഈ നരഭോജി ഒരു സംസ്‌കാരത്തിന്റെ തന്നെ തകര്‍ച്ചയാണ്
സാധാരണക്കാരനായ ഒരു സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിപ്പിച്ചും, പിന്നിട് തല്ലിചതച്ചും കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ കേസ് എവിടേയ്ക്ക്. ക്രിമിനല്‍ സ്വഭാവമുള്ള പന്ത്രണ്ടിലധികം കേസുകള്‍ ഒത്തുതീര്‍പ്പാക്കിയ നരഭോജിയാണ് മനുഷ്യന്റെ രൂപമുള്ള ഈ ചെന്നായ. ഭരിക്കുന്ന സര്‍ക്കാരിനോ, മറ്റു രാഷ്ട്രിയ പാര്‍ട്ടികള്‍ക്കോ, പോലീസിനോ, എന്തിനു നീതിന്യായ വ്യവസ്ഥയ്ക്കുപോലും ചിലരെ ഒന്നും ചെയ്യാന്‍ കഴിയില്ല. ആ തരത്തില്‍ കുപ്രസിദ്ധമായ സ്വാധീനമുള്ള വ്യക്തിയാണ് നിസാമെന്ന ഈ ഇരുകാലിമൃഗം. നിസാമിനു ചുറ്റും അദ്ദേഹം തീര്‍ത്തിരിക്കുന്നത് അതിശക്തമായ വലയമാണ്, ഓരോ നീക്കങ്ങളും ചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന മാന്ത്രികരാണ് കാര്യങ്ങള്‍ നീക്കുന്നത്.
നിസാമെന്ന വ്യക്തിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദേഹത്തിന്റെ മാത്രം കാര്യങ്ങളല്ല. രാഷ്ട്രിയക്കാരും, പോലീസും, മത നേതാക്കളുമെല്ലാം ഇയാളുടെ ശക്തിയുടെ ശൃംഖലയില്‍ ഉണ്ട്. അതിന്റെ അര്‍ത്ഥം കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രിയ മേഖകളില്‍ എല്ലാം നിസാമിനു സ്വാധീനമുണ്ട്. ഈ മേഖലകളെല്ലാം ഒരു സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഇതുപോലുള്ള സംസ്‌കാര ശൂന്യരായ മനുഷ്യമൃഗങ്ങളെ സംരക്ഷിക്കുന്നവര്‍ മനുഷ്യ സംസ്‌കാരത്തിന് തന്നെ ദുരന്തമാകുകയാണ്. നാടിന്റെ നന്മകളെയും നീതിയ്ക്കും സത്യത്തിനുംവേണ്ടി നിലകൊള്ളേണ്ട ഭരണ നിയമ സംവിധാനങ്ങള്‍ നിസാമുമാര്‍ക്ക് വേണ്ടി കുഴലൂതുമ്പോള്‍ അന്യമാകുന്നത് ഒരു ജനതയുടെ ന്യായമായി ജീവിക്കാനുള്ള അവകാശവും നീതിന്യാ വ്യവസ്ഥയിലുള്ള വിശ്വാസവുമാണ്.
ചന്ദ്രബോസ് വധക്കേസും തെളിവില്ലാതെയോ, സാക്ഷികള്‍ ഇല്ലാതെയോ കേസ് ദുര്‍ബലപ്പെടുത്തി, അതുമല്ലെങ്കില്‍ ചന്ദ്രബോസിന്റെ കുടുംബത്തെ തന്നെ വിലയ്ക്കുവാങ്ങി ഓര്‍മ്മയുടെ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാകും. ചന്ദ്രബോസിന്റെ കൊലപാതക കേസ് അട്ടിമറിച്ച് നിഷാമിനെ വീണ്ടും അഴിഞ്ഞാടാന്‍ ഇവിടുത്തെ നിയമ സംവിധാനം തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവിമുക്തമാക്കും. ഈ കേസില്‍ എല്ലാ കാര്യങ്ങളും പരിശോധിച്ചുവരുന്നതേയുള്ളു. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്നവരും കാര്യങ്ങള്‍ക്ക് വ്യക്തതയില്ലാതെ മുകളില്‍ നിന്നും നിര്‍ദേശം ലഭിക്കാന്‍ കാത്തുനില്ക്കുന്നു. അതേസമയം കേസ് അന്വേഷണത്തില്‍ വന്‍ പാളിച്ചകള്‍ സംഭവിച്ചതായി സര്‍ക്കാരും പോലീസും സമ്മതിച്ചു കഴിഞ്ഞു. അതാണ് നിലവിലുള്ള അന്വേഷണ സംഘത്തില്‍ തെല്ലും വിശ്വാസമില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പറഞ്ഞത്.
വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, സര്‍ക്കാരിനും ഭരണ സംവിധാനങ്ങള്‍ക്കും കേരള ജനയ്ക്ക് മാതൃകയാകുന്ന ഒരു വഴിത്തിരിവ് ഈ കേസില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുമോ? നിസാം ചെയ്ത നീചകൃത്യം ഈ നാട്ടില്‍ ഒരാളും ഇനിയും ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു വരുത്താന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് സാധിക്കുമോ? ഒരു കാര്യം തീര്‍ച്ചയാണ്, നിസാം മാതൃകാപരമായി ശിക്ഷിക്കപ്പെട്ടാല്‍ അത് ഇവിടുത്തെ രാഷ്ട്രിയ ഭരണ പ്രക്രിയയില്‍ സാധാരണക്കാരന് നല്കുന്ന വിശ്വാസം പതിന്മടങ്ങ് വര്‍ദ്ദിപ്പിക്കും. എന്ത് ഹീനകൃത്യവും അനായാസമായി കൈകാര്യം ചെയ്തു എല്ലാ നിയമ ബന്ധങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന അഹകാരത്തിന് ലഭിക്കുന്ന ഏറ്റവും സുന്ദരമായ മറുപടിയായിരിക്കും. എന്നാല്‍ ഒരു ജനതയുടെ അവസാന പ്രതീക്ഷയായ നീതിന്യായ വ്യവസ്ഥയും ഇവിടെ നിസ്സഹായമായാല്‍ നഷ്ടപ്പെടുന്നത് യഥാര്‍ത്ഥ മനുഷ്യ സംസ്‌കാരമായിരിക്കും.