ദീര്‍ഘനാളത്തെ നിയമപോരാട്ട ഫലം: ഹിറ്റ്ലറുടെ ജന്മഗൃഹം പൊളിച്ചുമാറ്റുന്നു

hitlar
വിയന്ന: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ജന്മഗൃഹം പൊളിക്കുന്നു. ഓസ്ട്രിയയിലെ ബ്രൗണാവു ആം ഇന്നിലെ ഗൃഹമാണ് പൊളിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയത് പണിയുമെന്ന് ഓസ്ട്രേയിന്‍ ഭരണകൂടം പറയുന്നത്. ദീര്‍ഘനാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ ഒടുവില്‍ തീരുമാനമായത്.

ജന്മഗൃഹത്തെ ഹിറ്റ്ലര്‍ മ്യൂസിയമായി മാറ്റണമെന്ന ആവശ്യം നാസി അനുഭാവികളില്‍ നിന്ന് ഉയര്‍ന്നിരുന്നു. അതേസമയം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ പുതിയ കെട്ടിടം നിര്‍മിക്കാനാണ് സര്‍ക്കാര്‍ നീക്കം. 1889 ഏപ്രില്‍ 20നു ഹിറ്റ്ലര്‍ ജനിച്ച മൂന്നുനില കെട്ടിടം നാസി അനുഭാവികളുടെ കയ്യില്‍ എത്താതിരിക്കാനാണ് പ്രാദേശിക ഭരണകൂടം ഇത്തരമൊരു നീക്കം നടത്തുന്നത്.

ഹിറ്റ്ലര്‍ ആരാധകര്‍ ആരെങ്കിലും കെട്ടിടം കൈവശപ്പെടുത്തിയാല്‍ ഓസ്ട്രിയയിലെ ജന്മഗൃഹം ഹിറ്റ്ലര്‍ മ്യൂസിയമായി മാറും. ഇതോടെ രാജ്യത്തേക്ക് നാസി അനുഭാവികളുടെ വരവുണ്ടാകുമെന്നും രാജ്യത്ത് അരക്ഷിതാവസ്ഥ ഉടലെടുത്തേയ്ക്കുമെന്നും സര്‍ക്കാറിനു മുന്നറിയിപ്പ് ലഭിച്ചതയായി സൂചനയുണ്ട്. നേരത്തെ ബുദ്ധിമാന്ദ്യമുള്ളവരുടെ ഭവനമായും പബ്ലിക് ലൈബ്രറിയായും ബാങ്ക് ആസ്ഥാനമായും കെട്ടിടം ഉപയോഗിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി ഇത് അടഞ്ഞുകിടക്കുകയാണ്.