പനീര്‍ശെല്‍വം കരുത്താര്‍ജിക്കുന്നു; ശശികലയ്ക്ക് എതിരെ മറീന ബീച്ചിൽ പ്രതിഷേധം
ചെന്നൈ : എം എല്‍ എമാരുടെ പിന്തുണ കൂടി വരുന്ന സാഹചര്യത്തില്‍ പനീര്‍ശെല്‍വം കരുത്താര്‍ജിക്കുന്നു. അവസാനമായി ശശികല പക്ഷത്തു നിന്ന് രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തി. നാമക്കല്‍ എംപി പി.ആര്‍ സുന്ദരവും കൃഷ്ണഗിരി എംപി അശോക് കുമാറുമാണ് പനീര്‍ശെല്‍വം പക്ഷത്തേക്ക് എത്തിയിരിക്കുന്നത്. കൂടാതെ എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്‍ ശെല്‍വം പക്ഷത്തേക്ക് നീങ്ങുന്നതായി സൂചനകളുണ്ട്. കൂടാതെ പനീര്‍ശെല്‍വം അനുകൂലികള്‍ ഇന്ന് മറീനാ ബീച്ചില്‍ പ്രതിഷേധയോഗം ചേരും. ജനങ്ങളെ തനിക്കൊപ്പം നിര്‍ത്താനും ശശികലക്ക് എതിരെ സമരത്തിന് ആഹ്വാനം ചെയ്തുമാണ് പ്രതിഷേധ യോഗം ചേരുന്നത്. ജയലളിതയുടെ മുന്‍സെക്രട്ടറി വെങ്കിട്ടരാമന്‍റ നേതൃത്വത്തിലാണ് പുതിയ നീക്കം.അണ്ണാ സമാധിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിന്‍റെ ഭാഗമായി സോഷ്യല്‍മീഡിയ വഴി യുവാക്കളോട് മറീനബീച്ചിലേക്ക് എത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ തനിക്കനുകൂലമായി ഉണ്ടായിട്ടുള്ള പൊതുവികാരം മുതലെടുത്ത് ജെല്ലിക്കെട്ട് സമരത്തിന് സമാനമായൊരു പശ്ചാത്തലം ഒരുക്കാനാണ് പനീര്‍ശെല്‍വം അനുകൂലികളുടെ ശ്രമം.