മുഖ്യമന്ത്രി സഞ്ചരിച്ച ഹെലിക്കോപ്റ്ററില്‍ തീ ; ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായ കെ.ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്ററിലാണ് തീ പിടിച്ചത്. അദ്ദേഹം യാത്ര ചെയ്യാനിരുന്ന ഹെലികോപ്ടറിലെ വിഎച്ച്എസ് സംവിധാനത്തില്‍ തീപിടിക്കുകയായിരുന്നു. രാവിലെ പത്തര മണിയോടെയായിരുന്നു സംഭവം. കരിംനഗറില്‍ നിന്ന് ചന്ദ്രശേഖര്‍ റാവു ഹെലികോപ്ടറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് ആശയവിനിമയസംവിധാനത്തിനുള്ള ഉപകരണത്തില്‍ നിന്ന് പുക ഉയര്‍ന്നത്.
ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ട് വന്‍ അപകടം ഒഴിവായി. ഉപകരണങ്ങള്‍ മാറ്റിസ്ഥാപിച്ച ശേഷം ഹെലികോപ്ടര്‍ മുഖ്യമന്ത്രിയെയും കൊണ്ട് പറക്കുകയും ചെയ്തു. തീ കണ്ടത് പരിഭ്രാന്തി പരത്തി എങ്കിലും ഷോര്‍ട്ട്സര്‍ക്യൂട്ടാണ് കാരണമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.