വഴിയില്‍ സിഗരറ്റ് കുറ്റിയും, നായ വിസര്‍ജ്യവും ഉപേക്ഷിച്ചാല്‍ വിയന്നയില്‍ വന്‍തുക പിഴ


വിയന്ന: നിരത്തുകളില്‍ സിഗരറ്റ് കുറ്റി എറിയുകയും, നായ്ക്കളുടെ വിസര്‍ജ്യം ഉപേക്ഷിക്കുകയും ചെയ്താല്‍ വന്‍ പിഴ ഒടുക്കേണ്ടി വരും. മാര്‍ച്ച് മൂന്നാം തിയതി മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

ഈ വിഭാഗത്തില്‍ ഇതുവരെ 36 യൂറോ പിഴ ഒടുക്കേണ്ടിയിരുന്നത് ഇനി മുതല്‍ 50 യൂറോ ആകും. അതേസമയം ചില സാഹചര്യങ്ങളില്‍, പിഴ 90 യൂറോ വരെ ഒടുക്കേണ്ടി വരുമെന്ന് പരിസ്ഥിതി സംരംക്ഷണ വിഭാഗത്തിന്റെ നഗരസഭാ കൗണ്‍സിലര്‍ ഉലി സിമ അറിയിച്ചു. (ഉദാഹരണത്തിന് കാറില്‍ നിന്നും ആഷ്ട്രേയിലെ മുഴുവന്‍ മാലിന്യവും അതേപടി വഴിയില്‍ ഉപേക്ഷിക്കുന്നത്). മാലിന്യം ശേഖരിക്കുന്ന സര്‍ക്കാര്‍ ശുചിത്വ ജീവനക്കാര്‍ക്കും (യൂണിഫോമില്‍ ആണെങ്കിലും അല്ലെങ്കിലും) പിഴ ഈടാക്കാന്‍ അനുവാദമുണ്ട്.

പുതിയ തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം സൃഷ്ടിച്ചട്ടുണ്ട്. എന്നാല്‍ നിരവധി പേര്‍ തീരുമാനത്തെ അനുകൂലിച്ചു. ചില നായ്ക്കള്‍ വഴിയില്‍ കിടക്കുന്ന സിഗരറ്റ്കുറ്റി ഭക്ഷിക്കുന്നതുകൊണ്ട് പുതിയ തീരുമാനം നായ സ്‌നേഹികളെ കൂടുതല്‍ സന്തോഷിപ്പിച്ചട്ടുണ്ട്.

അഴുകാത്ത മാലിന്യമായിട്ടാണ് സിഗരറ്റ്കുറ്റി കാണാക്കപ്പെടുന്നത്. അന്താരാഷ്ട്ര കടല്‍ തീരങ്ങള്‍ ഓരോ വര്‍ഷവും വൃത്തിയാക്കുമ്പോള്‍ ലഭിക്കുന്ന മാലിന്യങ്ങളില്‍ ഏറ്റവുമധികം കാണുന്നത് സിഗരറ്റ്കുറ്റിയാണ്. വിയന്ന നഗരത്തിലെ ഗാര്‍ബേജ് ബിന്നുകളില്‍ പ്രതിവര്‍ഷം നിറയുന്നത് 36 ദശലക്ഷം നായ വിസര്‍ജ്യമടങ്ങിയ ബാഗുകളും, 100 ദശലക്ഷം സിഗരറ്റ് കുറ്റികളുമാണ്.