തുടര്‍ച്ചയായി ഒമ്പതാം തവണയും വിയന്ന ലോകനഗരങ്ങളില്‍ ഒന്നാമത്

വിയന്ന: ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന സ്ഥാനം ഒമ്പതാം തവണയും വിയന്നയ്ക്ക്. ലോകത്തിലെ പ്രധാനപ്പെട്ട 231 നഗരങ്ങളെ പങ്കെടുപ്പിച്ചു മെര്‍സര്‍ കണ്‍സള്‍ട്ടിങ് നടത്തിയ ഇരുപതാമത് സര്‍വേയിലാണ് വിയന്ന വീണ്ടും ഒന്നാമതെത്തിയത്.

സ്വപ്നങ്ങളുടെ നഗരമെന്നും സംഗീതത്തിന്റെ നാടെന്നും വിളിക്കുന്ന മധ്യ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ തലസ്ഥാനം രാഷ്ട്രീയ അനിശ്ചിത്വവും, അഭയാര്‍ത്ഥി പ്രശ്‌നങ്ങളും ഉണ്ടായപ്പോഴും പൊതു സംവിധാനങ്ങളിലും, ജനങ്ങളുടെ ജീവിത നിലവാരത്തിലും യാതൊരു വീഴ്ചകളുമില്ലാതെ നിലകൊണ്ടതാണ് നഗരത്തെ തുടര്‍ച്ചയായി ഒമ്പതാം തവണയും ലിസ്റ്റില്‍ മുന്നിലെത്തിച്ചത്.

സാമൂഹ്യ സുരക്ഷിതത്വം, ജിവിത ചെലവ്, ആരോഗ്യ പരിരക്ഷ, പൊതുഗതാഗതം, വിദ്യാഭ്യാസം, വൈദ്യുതി, ജലവിതരണം, രാഷ്ട്രിയ സ്ഥിരത, പരിസ്ഥിതി സംരക്ഷണം, വിനോദം, അവശ്യ സാധങ്ങളുടെ ലഭ്യത തുടങ്ങി ജീവിതത്തിന്റെ വിവിധങ്ങളായ മേഖലകളെ വിലയിരുത്തിയാണ് വിയന്ന സര്‍വ്വേയില്‍ ഒന്നാമതെത്തിയത്.

സര്‍വ്വേയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യൂറോപ്പിലെ നഗരങ്ങള്‍ തന്നെയാണ് മുന്‍പന്തിയില്‍. സ്വിസ് നഗരമായ സൂറിച്ച് (2), ഓക്ലന്‍ഡ് (3), മ്യൂനിക്ക് (4), വാന്‍ക്യൂവര്‍ (5), ഡ്യൂസല്‍ഡോര്‍ഫ് (6), ഫ്രാങ്ക്ഫുര്‍ട്ട് (7), ജനീവ (8), കോപന്‍ഹാഗന്‍ (9), ബാസല്‍ (10) എന്നീ നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു. ബാഗ്ദാദ് ആണ് പട്ടികയില്‍ ഏറ്റവും അവസാനത്തെ ഇടം നേടിയ നഗരം. ഇന്ത്യന്‍ നഗരങ്ങളുടെ സ്ഥാനവും 200ന് മുകളിലാണ്.

News and Image Courtesy: Mercer