ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന സ്ഥാനം എട്ടാം തവണയും വിയന്നയ്ക്ക്


വിയന്ന: യൂറോപ്പില്‍ രാഷ്ട്രീയ അനിശ്ചിത്വവും, അഭയാര്‍ത്ഥി പ്രശ്‌നങ്ങളും, ഇടയ്ക്കിടെ ഉണ്ടാകുന്ന സുരക്ഷാവീഴ്ചകളും പല നഗരങ്ങളുടെയും ജീവിത നിലവാരത്തെയും, സാമൂഹ്യ പരിസ്ഥിതിയെയും ബാധിച്ചപ്പോള്‍ മദ്ധ്യയൂറോപ്പിലെ മനോഹര രാജ്യമായ ഓസ്ട്രിയയുടെ തലസ്ഥാന നഗരിയായ വിയന്ന വീണ്ടും ഒന്നാമത്. ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന സ്ഥാനം എട്ടാം തവണയാണ് വിയന്ന സ്വന്തമാക്കിയത്.

ഓസ്ട്രിയയുടെ ഏറ്റവും വലുതും പ്രഥമവുമായ ഈ നഗരം ജീവിത നിലവാരത്തിന്റെയും ആര്‍ഭാടത്തിന്റെയും അളവുകോലില്‍ ഇത് തുടര്‍ച്ചയായി എട്ടാം തവണയാണ് ഒന്നാമതെത്തുന്നത്. സ്വപ്നങ്ങളുടെ നഗരമെന്നും സംഗീതത്തിന്റെ നാടെന്നും വിളിക്കുന്ന ഓസ്ട്രിയ പരക്കെ അറിയപ്പെടുന്നത്. അതേസമയം നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒന്നാമത് എത്തിയത് സിംഗപ്പൂരാണ്. നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മറ്റൊരു വിഭാഗമായി കണക്കിലെടുത്താണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

സാമൂഹ്യ സുരക്ഷിതത്വം, ജിവിത ചെലവ്, ആരോഗ്യ പരിരക്ഷ, പൊതുഗതാഗതം, വിദ്യാഭ്യാസം, വൈദ്യുതി, ജലവിതരണം, രാഷ്ട്രിയ സ്ഥിരത, പരിസ്ഥിതി സംരക്ഷണം, വിനോദം, അവശ്യ സാധങ്ങളുടെ ലഭ്യത തുടങ്ങി ജീവിതത്തിന്റെ വിവിധങ്ങളായ മേഖലകളെ വിലയിരുത്തിയാണ് വിയന്ന സര്‍വ്വേയില്‍ ഒന്നാമതെത്തിയത്.

സര്‍വ്വേയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യൂറോപ്പിലെ നഗരങ്ങള്‍ തന്നെയാണ് മുന്‍പന്തിയില്‍. സ്വിസ് നഗരമായ സൂറിച്ച് (2), മ്യൂനിക്ക് (4) ഡ്യൂസല്‍ഡോര്‍ഫ് (6), ഫ്രാങ്ക്ഫുര്‍ട്ട് (7), ജനീവ (8), കോപന്‍ഹാഗന്‍ (9), സ്വിസ്സിലെ തന്നെ ബാസല്‍ പത്താം സാധനവും കരസ്ഥമാക്കി. യൂറോപ്പിന് വെളിയില്‍ നിന്നും ആദ്യ പത്തില്‍ ഇടം നേടിയത് ഓക്ലാന്‍ഡും (3), വാന്‍കൂവറും (5) മാത്രമാണ്. മെര്‍സെര്‍ എന്ന കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് എല്ലാ വര്‍ഷവും ഇത്തരത്തില്‍ ആഗോള റിസര്‍ച്ച് സര്‍വേ സംഘടിപ്പിക്കുന്നത്.