തുടര്‍ച്ചയായി പത്താമതും വിയന്ന ലോകനഗരങ്ങളില്‍ ഒന്നാമത്

വിയന്ന: ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന സ്ഥാനം പത്താമതും വിയന്നയ്ക്ക്. പ്രധാനപ്പെട്ട 231 നഗരങ്ങളെ പങ്കെടുപ്പിച്ചു മെര്‍സര്‍ കണ്‍സള്‍ട്ടിങ് നടത്തിയ സര്‍വേയിലാണ് വിയന്ന നഗരം വീണ്ടും ഒന്നാമതെത്തിയത്.

രാഷ്ട്രീയ സാമൂഹ്യ സാമ്പത്തീക സ്ഥിതി, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, വൈദ്യുതി, ജലവിതരണം, രാഷ്ട്രിയ സ്ഥിരത, പരിസ്ഥിതി സംരക്ഷണം, വിനോദം, അവശ്യ സാധങ്ങളുടെ ലഭ്യത തുടങ്ങി ജീവിതത്തിന്റെ വിവിധങ്ങളായ മേഖലകളെ വിലയിരുത്തിയാണ് വിയന്ന സര്‍വ്വേയില്‍ ഒന്നാമതെത്തിയത്.

സ്വപ്നങ്ങളുടെ നഗരമെന്നും സംഗീതത്തിന്റെ നാടെന്നും വിളിക്കുന്ന മധ്യ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ തലസ്ഥാനം പൊതു സംവിധാനങ്ങളിലും, ജനങ്ങളുടെ ജീവിത നിലവാരത്തിലും യാതൊരു വീഴ്ചകളുമില്ലാതെ നിലകൊണ്ടതാണ് നഗരത്തെ തുടര്‍ച്ചയായി പത്താം തവണയും ലിസ്റ്റില്‍ മുന്നിലെത്തിച്ചത്.

സര്‍വ്വേയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യൂറോപ്പിലെ നഗരങ്ങള്‍ തന്നെയാണ് മുന്‍പന്തിയില്‍. സ്വിസ് നഗരമായ സൂറിച്ച് (2), വാന്‍കൂവര്‍- കാനഡ, മ്യൂണിക്ക്-ജര്‍മ്മനി, ഓക്ക്‌ലന്‍ഡ്- ന്യൂസിലാന്‍ഡ് (3), ഡ്യൂസല്‍ഡോര്‍ഫ് (6), ഫ്രാങ്ക്ഫുര്‍ട്ട് (7), കോപന്‍ഹാഗന്‍ (8), ജനീവ (9) ബാസല്‍ (10) എന്നീ നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു. ഹൈദരാബാദ്, പുണെ (143), ബെംഗളൂരു (149), ചെന്നൈ (151), മുംബൈ (154), കൊല്‍ക്കത്ത (160), ന്യൂ ഡല്‍ഹി (162) എന്നിവയാണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയ നഗരങ്ങള്‍. ഇറാക്കിലെ ബാഗ്ദാദ് (213) ആണ് പട്ടികയില്‍ ഏറ്റവും അവസാനമെത്തിയ നഗരം.

News and Image Courtesy: Mercer