കഥമാറി തമിഴകം ; ഇടപ്പാടി പളനി സാമി തമിഴ്‌നാട്‌ മുഖ്യമന്ത്രി

ചെന്നൈ :    എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും. മന്ത്രിസഭ രൂപീകരിക്കാൻ തമിഴ്നാട് ഗവർണർ സി. വിദ്യാസാഗർ റാവു ക്ഷണിച്ചു. വൈകീട്ട് 4.30ന് രാജ് ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും.അതേസമയം, 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ പളനിസാമിയോട് ആവശ്യപ്പെട്ടു. 124 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് കഴിഞ്ഞ ദിവസം പളനിസാമി ഗവർണർക്ക് കൈമാറിയിരുന്നു. രണ്ടു മാസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. ഗവർണറെ കാണാനെത്തിയ പളനിസാമിക്കൊപ്പം അണ്ണാഡി.എം.കെ നേതാക്കളായ ജയകുമാർ, കെ.എ. സെങ്കോട്ടയ്യൻ, എസ്.പി. വേലുമണി, ടി.ടി. ദിനകരൻ, കെ.പി. അൻപഴകൻ എന്നിവരും ഉണ്ടായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികലയെ പിന്തുണക്കുന്നവർ ആഹ്ലാദ പ്രകടനം തുടങ്ങി. സേലം ജില്ലയിലെ എടപ്പാടിയില്‍നിന്നുള്ള ജനപ്രതിനിധിയാണ് പഴനിസാമി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ സുപ്രീം കോടതി ശരിവച്ചതിന് പിന്നാലെയാണ്  പഴനിസാമിയെ ശശികല വിഭാഗം നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് പഴനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ബുധനാഴ്ച ഗവര്‍ണറെ കണ്ടിരുന്നു.  എന്നാല്‍, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പളനിസാമിയെത്തന്നെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.