നടിയെ ആക്രമിച്ചവരില്‍ ഒരാള്‍ നടിയുടെ മുന്‍ ഡ്രൈവര്‍ ആയ പ്രമുഖ ഗുണ്ട

കൊച്ചി : മലയാള നടിയെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നടിയുടെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ട്ടിനും നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറും തമ്മിലുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സുനിലിനെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലെ മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കൊലക്കേസിലടക്കം പ്രതിയാണ് സുനില്‍ എന്നാണ് പോലീസ് പറയുന്നത്. ഇത് മനസിലാക്കിയതോടെയാണ് സുനിലിനെ നടി ഡ്രൈവര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി പറയപ്പെടുന്നത്.നടി സഞ്ചരിച്ച വാഹനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു അഞ്ചംഗ സംഘം നടിയെ തട്ടിക്കൊണ്ടുപോയത്. മാര്‍ട്ടിനും ഗൂഢാലോചനയില്‍ പങ്കാളിയാണ്. തൃശൂരില്‍ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുകയായിരുന്ന നടിയുടെ വാഹനത്തില്‍ വാഹനം ഇടിച്ചത് ചോദ്യം ചെയ്യാനായി പുറത്തിറങ്ങിയ മാര്‍ട്ടിനെ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയും നടിയുടെ വാഹനം തട്ടിയെടുക്കുമായിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ബ്ലാക് മെയിലിംഗ് ആയിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.കൂടാതെ സുനില്‍ തന്നെയാണ് ഇപ്പോള്‍ അറസ്റ്റിലായ മാര്‍ട്ടിനെ നടിയുടെ വാഹനത്തിന്റെ ഡ്രൈവറാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തിൽ ചുറ്റിക്കറങ്ങിയ വാഹനം കാക്കനാട് ഭാഗത്ത് ഒരു സംവിധായകന്റെ വീടിനു സമീപം നിർത്തിയശേഷം രാത്രി പന്ത്രണ്ട് മണിയോടെ പ്രതികൾ കടന്നു കളയുകയായിരുന്നു. പിന്നീട് സംവിധായകന്റെ സഹായത്തോടെയാണ് നടി നെടുമ്പാശേരി പോലീസിലെത്തി പരാതി നല്‍കിയത്. അക്രമിസംഘം കാറില്‍വെച്ച് പലവട്ടം ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി നടി മൊഴി നല്‍കിയിട്ടുണ്ട്. തങ്ങള്‍ ആക്രമിച്ചാലും അപമാന ഭയം കാരണം നടി അതൊന്നും പുറത്ത് പറയില്ലെന്ന പ്രതീക്ഷയിലായിരുന്നു അക്രമി സംഘം. എന്നാല്‍ പോലീസില്‍ പരാതിപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. കൊടും ക്രിമിനലാണ് പള്‍സര്‍ സുനി എന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ കേസുകള്‍ തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു കൊലക്കേസിലും ഇയാള്‍ പ്രതിയാണ്.