ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ പാരിഷ് കൗണ്‍സിലിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു


വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ 2017 – 2021 കാലയളവിലേയ്ക്കുള്ള പാരിഷ് കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മൈഡ്ലിംഗ് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ചാപ്ലൈന്‍ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളിയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഔദ്യോഗികമായി പുറത്ത് വിട്ടത്.

2017 ഏപ്രില്‍ 30ന് (ഞായര്‍) തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 26 മുതല്‍ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചു തുടങ്ങും. പത്രിക നല്‌കേണ്ട അവസാന ദിവസം ഏപ്രില്‍ 9ന് വൈകിട്ട് 7 മണിയോടെ അവസാനിക്കും. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കാനുള്ളവര്‍ക്ക് ഏപ്രില്‍ പതിനാറാം തിയതി 7 മണി വരെ സമയം ഉണ്ടായിരിക്കും.

പത്രികകളുടെ സൂക്ഷ്മപരിശോധനയും അന്തിമതീരുമാനവും ഏപ്രില്‍ 17ന് അറിയിക്കും. അന്നുതന്നെ യോഗ്യത നേടിയ സ്ഥാനര്‍ത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റിലൂടെ പരസ്യപെടുത്തും . 23-ാം തിയതി വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തലും നടക്കും. സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍ ഉള്‍പ്പെടെയുള്ള സഭാസമൂഹാംഗങ്ങള്‍ക്കും അവര്‍ ഉള്‍പ്പെട്ട മണ്ഡലങ്ങള്‍ക്കും പ്രാതിനിധ്യം നല്കിയാണ് ഐസിയിയുടെ പരിഷ് കമിറ്റി സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കും യുവജങ്ങള്‍ക്കുമുള്ള കമ്മിറ്റിയുടെ പ്രതിനിധികളുടെ സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 30ന് നടക്കുന്ന വോട്ടിംഗ് രണ്ടു സ്ഥലങ്ങളിലായാണ് നടക്കുന്നത്. രാവിലെ 10.30 മുതല്‍ 11.15 വരെയും 12.45 മുതല്‍ 2 മണി വരെ മൈഡ്ലിംഗിലും, ഉച്ച കഴിഞ്ഞ് 4.15 മുതല്‍ 5.15 വരെയും 6.45 മുതല്‍ രാത്രി 8.15 വരെ സ്റ്റ്ഡ്ലൗ ദേവാലയത്തിലുമാണ് നടക്കുന്നത്. വോട്ടെണ്ണല്‍ അന്ന് രാത്രി 8.45ന് തന്നെ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഫലം ഐസിസിയുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിടും. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗം മെയ് 12ന് ഉണ്ടായിരിക്കും. നിയുക്ത പ്രതിനിധികളില്‍ നിന്നും ജനറല്‍ കണ്‍വീനറെ യോഗം അന്ന് തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും. മറ്റ് അംഗങ്ങളുടെ ചുമതലകളും അന്നേദിവസം നടക്കുന്ന സമ്മേളനത്തില്‍ തന്നെ ഏല്‍പ്പിച്ചുകൊടുക്കും.

സ്റ്റീഫന്‍ ചെവ്വൂക്കാരന്‍ കണ്‍വീനറായ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷനായിരിക്കും വോട്ടിംഗിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. തോമസ് പടിഞ്ഞാറേകാലയില്‍, ജോമി സ്രാമ്പിക്കല്‍, തോമസ് പഴേടത്തുപറമ്പില്‍, സെബാസ്റ്റ്യന്‍ തേവലക്കര എന്നിവരും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ സഹായിക്കും. തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങളും ഭരണഘടനയും ചട്ടങ്ങളും, ഐസിസിയുടെ വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.