ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം: ഏപ്രില്‍ 1 മുതല്‍ എസ്.ബി.ടി ഇല്ല


ന്യൂഡല്‍ഹി: ഇനി മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം! എസ്.ബി.ടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകളാണ് ഏപ്രില്‍ ഒന്നുമുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നത്. ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമായിട്ടാണ് സംഭവത്തെ മേഖലയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളിലൊന്നായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് എസ്.ബി.ഐയില്‍ ലയിക്കുന്നത്. ഈ ബാങ്കുകളുടെ ആസ്തി എസ്.ബി.ഐക്ക് കൈമാറും. ലയനം പൂര്‍ത്തിയാകുന്നതോടെ എസ്.ബി.ഐയുടെ മൊത്തം ആസ്തി 37 ലക്ഷം കോടി രൂപയാകും. 22,500 ശാഖകളും 58,000 എ.ടി.എമ്മുകളും 50 കോടി ഉപഭോക്താക്കളും ബാങ്കിനുണ്ടാകും. ശാഖകളില്‍ 191 എണ്ണം 36 വിദേശരാജ്യങ്ങളിലായാണ്. അനുബന്ധ ബാങ്കുകളിലെ ഓഫിസര്‍മാരും ജീവനക്കാരും എസ്.ബി.ഐയുടെ ഭാഗമായിത്തീരും.