പി സി ജോര്‍ജ്ജിനെതിരെയുള്ള ആരോപണം ; പിന്നില്‍ കളിച്ചത് മാണിഗ്രൂപ്പ് ; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം : കാന്‍റീന്‍ ജീവനക്കാരനെ മര്‍ദിച്ചു എന്ന ആരോപണത്തില്‍ എം എല്‍ എ പി സി ജോര്‍ജ്ജിനെ കുടുക്കാന്‍ ശ്രമിച്ചത് മാണി ഗ്രൂപ്പ് എന്ന് തെളിവുകള്‍. പി സി മര്‍ദിച്ചു എന്നു ആരോപണം ഉന്നയിച്ച് കാന്‍റീന്‍ ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി മനു(22) വാണ് ഇന്നലെ രംഗത്ത് വന്നത്. ഉച്ചഭക്ഷണം എത്തിക്കാന്‍ വൈകി എന്നാരോപിച്ചാണ് പി സി ജോര്‍ജ്ജ് തന്നെ മര്‍ദിച്ചത് എന്നാണ് മനു പറയുന്നത്. എന്നാല്‍ പി സിയെ കുടുക്കുവാന്‍ ആരോ മനുവിനെ കരുവാക്കി പിന്നില്‍ കളിക്കുന്നു എന്ന കാര്യം വ്യക്തമാകുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ താന്‍ യുവാവിനെ വഴക്ക് പറഞ്ഞു എന്ന് പി സി തുറന്നു സമ്മതിച്ചിരുന്നു. അതിന്റെ കൂടെ മര്‍ദിച്ചു എന്ന വാര്‍ത്ത‍ കൂടി നല്‍കി പ്രശ്നം ഇത്രമാത്രം രൂക്ഷമാക്കിയത് മാണിഗ്രൂപ്പിന്‍റെ കളിയും കൂടാതെ മാണിക്ക് സ്തുതിപാടുന്ന മലയാളത്തിലെ ഒരു പ്രമുഖ ചാനലുമാണ്. തന്നെ പി സി മര്‍ദിച്ചു എന്ന കാര്യം മനു വിശദീകരിക്കുന്ന സമയം മനുവിന്‍റെ അടുത്ത് നില്‍ക്കുന്നത് കേരള കോണ്ഗ്രസ് മാണി വിഭാഗം യുവജന പ്രസ്ഥാനത്തിന്‍റെ നേതാവ് സജിയാണ്.

പാലായില്‍ താമസിക്കുന്ന സജി സംഭവം നടന്ന സമയം കൃത്യമായി എങ്ങനെ തിരുവനന്തപുരത്ത് എത്തി എന്ന് പൊതുവേ ചോദ്യം ഉയരാം.അതിനു മറുപടിയായി കഴിഞ്ഞ ദിവസം കെ എം മാണി കാരുണ്യ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി എന്ന പേരില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ ഉപവാസസമരം നടത്തിയിരുന്നു അതിന് പങ്കെടുക്കുവാന്‍ വേണ്ടി പാലായിലുള്ള അണികളില്‍ കുറെപേരെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. അപ്പോള്‍ ആകാം സജിയും എത്തിയത് എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. എന്നാല്‍ പുറംലോകം സംഭവം അറിയുന്നതിന് മുന്‍പേ സജിയും സംഘവും സംഭവസ്ഥലത്ത് എത്തിയിരുന്നു. അതുകൊണ്ടുതന്നെ മിക്ക ചാനലുകളില്‍ വന്ന വീഡിയോകളിലും സജി രംഗത്ത് ഉണ്ട്. പാലായില്‍ ഉള്ള സജിയോട് വളരെ പരിചിതമായ രീതിയിലാണ്‌ മനു സംസാരിക്കുന്നതും. അതുപോലെ ഇത്രയും കോലാഹലങ്ങള്‍ നടന്നു മീഡിയ വന്നതിനുശേഷമാണ് മനുവിനെ ആശുപത്രിയില്‍ കൊണ്ട് പോകുന്നത്. കാന്‍റീന്‍ ജീവനക്കാരോ പോലീസോ അല്ല മനുവിനെ ആശുപത്രിയില്‍ കൊണ്ട് പോയത്. ഒരു കോട്ടയം സ്വദേശിയുടെ വാഹനത്തിലാണ് മനുവിനെ ആശുപത്രിയില്‍ കൊണ്ട് പോയത് എന്ന് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് തന്നെ പി സി ജോര്‍ജ്ജ് മര്‍ദിച്ചത് എന്നാണ് മനു പറയുന്നത്. എന്നാല്‍ ചാനലുകാര്‍ എത്തി അവരോട് സംസാരിച്ചതിന് ശേഷം ഏകദേശം നാലുമണിയോടെയാണ് മനുവിനെ ആശുപത്രിയില്‍ കൊണ്ട് പോകുന്നത്. മാണിഗ്രൂപ്പിലെ നേതാക്കന്മാരും , ചാനലുകാരും വരുന്നത് വരെ മനു കാത്തിരുന്നു എന്ന് വ്യക്തം. കൂടാതെ എല്ലാകാര്യത്തിലും സജി വളരെ സജീവമായി തന്നെ ഇടപെടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ ഇലക്ഷന് പൂഞ്ഞാറില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ട സമയം മാണിക്ക് എതിരെ പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി. അവസാനം ജോസ് കെ മാണിയുടെ കാലുപിടിച്ച് പാര്‍ട്ടിയില്‍ തിരിച്ചുകയറുകയും തുടര്‍ന്ന്‍ യുവജനപ്രസ്ഥാനത്തിന്റെ നേതാവ് സ്ഥാനം ലഭിക്കുകയും ചെയ്ത സജി മാണിക്കും ജോസ് കെ മാണിക്കും വിശ്വസ്തനാണ്.

പി സിയെ കുടുക്കാന്‍ മാണി ഗ്രൂപ്പ് നടത്തിയ നാടകമാണ് ഇതെന്ന് വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇവയാണ്. മാണിഉപവാസം നടത്തിയ അന്നുതന്നെ ഇത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടാവുക ഉടന്‍ മാണി ഗ്രൂപ്പിലെ പ്രമുഖര്‍ അവിടെ എത്തുക. പരിക്കേറ്റു എന്ന് പറയപ്പെടുന്ന യുവാവിനെ ആശുപത്രിയില്‍ എത്തിക്കാതെ ചാനലുകാര്‍ വരുന്നത് വരെ പിടിച്ചു നിര്‍ത്തുക. പി സിയുടെ പാര്‍ട്ടിയായ ജനപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഉടന്‍ തന്നെ ഇത്തരത്തില്‍ ഒരു വിവാദം ഉണ്ടാക്കിവിട്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ട്ടിക്കുക. അതിലൂടെ പി സി ജോര്‍ജ്ജിന്റെ ജനപിന്തുണ കുറയ്ക്കുക എന്നതായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്‌ഷ്യം എന്ന് വ്യക്തം. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആവിശ്യപ്പെട്ടു പി സി നിയമസഭാ സ്പീക്കര്‍ , ഉന്നത പോലീസ് മേധാവി കൂടാതെ മ്യൂസിയം പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി കഴിഞ്ഞു. നേരായ രീതിയില്‍ അന്വേഷണം നടന്നുകഴിഞ്ഞാല്‍. വരും ദിവസങ്ങളില്‍ ഈ ആരോപണങ്ങള്‍ മാണി ഗ്രൂപ്പിനെ തിരിഞ്ഞുകൊത്തുവാന്‍ സാധ്യതയുണ്ട്.