കേരളം മുഴുവന്‍ ഇലക്ട്രിക് പോസ്റ്റുകള്‍ വഴി ഇന്റര്‍നെറ്റ്‌; പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

തിരുവനന്തപുരം : സംസ്ഥാനത്തെ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൌജന്യമായി ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിക്ക് ബജറ്റില്‍ അംഗീകാരം. കൂടാതെ കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെ കേരളത്തിന്റെ എല്ലാ ഭാഗത്തും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കും. കെ ഫോണ്‍ എന്ന് പേരിട്ട ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലായിടത്തും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിക്കും. കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്ക് സമാന്തരമായി സൃഷ് ടിക്കുന്ന പുതിയൊരു ഒപ്റ്റിക് ഫൈബര്‍ പാത വഴി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ശൃംഖല 18 മാസത്തിനുള്ളില്‍  സ്ഥാപിക്കും. ഇതിനായി 1000 കോടി രൂപ മൂലധനം കിഫ്ബി വഴി സമാഹരിക്കുമെന്നും മന്ത്രി പറഞ്ഞു.   ഇന്റര്‍നെറ്റ് വിപ്ലവം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രത്യേക പദ്ധതി പ്രഖ്യാപിച്ച സമയമാണ് ഇക്കാര്യങ്ങള്‍ മന്ത്രി വ്യക്തമാക്കിയത്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ഭൂരിപക്ഷം ഇടപാടുകളും ഈ വര്‍ഷം ഐടി അധിഷ്ടിതമാക്കും.  ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കി മാറ്റുന്ന ആദ്യത്തെ സംസ്ഥാനമായി ഇതിലൂടെ കേരളം മാറുമെന്നും തോമസ് ഐസക് പറഞ്ഞു. ഐടി ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ ഹബ്ബായി കേരളത്തെ ഉയര്‍ത്താന്‍ 12 പാര്‍ക്കുകള്‍ സ്ഥാപിക്കുവാനും തീരുമാനമായി.