കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധനാണ് പിണറായിയെന്ന് എം.എം. ഹസ്സന്‍; എട്ടാമതൊരു ഉപദേശകനെ കൂടി വെയ്ക്കണമെന്ന് പരിഹാസം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധനാണെന്ന് കെപിസിസി പ്രസിഡണ്ട് എം.എം ഹസന്‍.സ്ത്രീകളെ അപമാനിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി എംഎം മണിയെ സംരക്ഷിക്കുകയാണ് പിണറായി.എന്തു കൊണ്ട് മുമ്പ് രാജിവെച്ച രണ്ട് മന്ത്രിമാരുടേയും കാര്യത്തില്‍ എടുത്ത നിലപാട് മണിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നില്ല. മണി പറഞ്ഞത് നാടന്‍ ഭാഷയല്ല, നീചമായ ഭാഷയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉത്ഘാടനത്തില്‍ ഹസന്‍ പറഞ്ഞു.
കയ്യേറ്റം ഒഴിപ്പിക്കുന്നതിലെ സി.പി.ഐ നിലപാടിനോട് യു.ഡി.എഫ് യോജിക്കുന്നുണ്ട്. കയ്യേറ്റക്കാരില്‍ ഭൂരിപക്ഷവും സി.പി.എമ്മുകാരാണ്. അതാണ് റവന്യൂ വകുപ്പ് ഭരിയ്ക്കുന്ന സി.പി.ഐക്കെതിരെ സി.പി.എം രംഗത്ത് വരാന്‍ കാരണം.

മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തലാക്കാന്‍ എംഎം മണിയെ ഉപയോഗിച്ചതിലുള്ള കടപ്പാടാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാത്തിന്റെ കാരണം. സ്ത്രീകളോട് മാന്യമായി സംസാരിക്കുന്നത് എങ്ങനെയെന്ന് മന്ത്രിമാരെ പഠിപ്പിക്കാന്‍ എട്ടാമത് ഒരു ഉപദേശകനെ കൂടി നിയോഗിക്കണമെന്നും ഹസന്‍ പരിഹസിച്ചു.