പിണറായിക്ക് എതിരെ പ്രതിഷേധം ; കായികമായി നേരിടാന്‍ തയ്യാറായി സിപിഎം ; കേരളത്തില്‍ എങ്ങും തെരുവ് യുദ്ധം

പിണറായിക്ക് എതിരെ പ്രതിഷേധത്തില്‍ തെരുവില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസും സിപിഎമ്മും. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍ രൂക്ഷമായത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റമുട്ടി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിനു നേരെ കല്ലേറുണ്ടായി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ കെപിസിസി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. എം.ജി റോഡിന് ഇരുവശവുമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ യൂത്ത്കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഫ്ളക്സുകള്‍ കീറിയെറിഞ്ഞ് റോഡിലിട്ടു.

കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. കെ സുധാകരന്‍ എംപിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയും കല്ലേറുണ്ടായി. സിപിഎം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.

കാസര്‍കോട് പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു. കാലിക്കടവ് ടൗണിലുള്ള കോണ്‍ഗ്രസ് ഓഫീസിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്താണ് അക്രമം നടത്തിയത്. ജനല്‍ ചില്ലുകളും കസേരകളും ഫാനും സ്റ്റൂളുകളും ട്യൂബ് ലൈറ്റുകളും അടിച്ച് തകര്‍ത്തിട്ടുണ്ട്. സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. പയ്യന്നൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ഇന്ന് വൈകിട്ടോടെയാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. വിമാനത്തിന് അകത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്തും പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഒരു പ്രവര്‍ത്തകന്റെ തലയ്ക്ക് പരുക്കേറ്റു. അതേസമയം ഓഫീസിന് മുന്നില്‍ ഉണ്ടായിരുന്ന സിപിഐഎം കൊടികള്‍ കോണ്‍ഗ്രസ് കത്തിച്ചു. നേരത്തെ കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ് നടന്നിരുന്നു.