മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം : പി സി ജോര്‍ജ്

ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരികളുടെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ട്. ആ കടമ നിര്‍വഹിക്കുന്ന പൊതു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം വിലപ്പോവില്ല. ഇതിന് മുന്‍പ് ഒരു ഗവണ്‍മെന്റും ഭരണാധികാരികള്‍ക്കെതിരെ ആരോപണം ഉന്നയിച്ചവരുടെ വായടപ്പിക്കാന്‍ ശ്രമിക്കുകയോ കള്ളക്കേസ് എടുക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ശക്തമായ ആരോപണങ്ങള്‍ ഞാന്‍ തന്നെ ഉന്നയിച്ചതിന്റെ പേരില്‍ മൂന്ന് മന്ത്രിമാര്‍ രാജിവെക്കേണ്ടി വന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ടിവന്നു. ഇക്കാര്യത്തിലൊന്നും എനിക്കെതിരെ ഒരു നടപടി സ്വീകരിക്കുവാനും ആര്‍ക്കും കഴിഞ്ഞില്ല.ഭരണാധികാരികളെ കുറ്റപ്പെടുത്തുമ്പോള്‍ നമ്മുടെ മനസ്സാക്ഷി നീതിയുടെ ഭാഗത്തായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്..

മുഖ്യമന്ത്രി പിണറായി വിജയനും,ഭാര്യയും,മകളും ഏത് അര്‍ത്ഥത്തില്‍ നോക്കിയാലും കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ കഴിയും. സ്വപ്ന സുരേഷിന്റെ
വെളിപ്പെടുത്തലുകള്‍ ഇല്ലെങ്കില്‍ പോലും 20 വര്‍ഷം മാത്രം എംഎല്‍എ ആയിരുന്ന പിണറായി വിജയന്റെ ഇപ്പോഴത്തെ സാമ്പത്തിക നില എങ്ങനെയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ സ്വപ്ന സുരേഷ് പറഞ്ഞ സ്വര്‍ണ്ണക്കള്ളക്കടത്ത് ഇടപാടില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ബോധ്യമാകും

മാന്യത ഉണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടാന്‍ പിണറായി വിജയന്‍ തയ്യാറാകണം. അതിന് പകരം ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നിസ്സാരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആരോപണങ്ങള്‍ക്ക് തടയിടാം എന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. ഞാന്‍ നടത്തി എന്ന് പറയുന്ന ഗൂഢാലോചനയും, മുഖ്യമന്ത്രി നടത്തിയ സ്വര്‍ണ്ണ കള്ളക്കടത്തും ഒരേ തട്ടില്‍ കാണാനുള്ള ശ്രമം അപലപനീയമാണ്.

സംസ്ഥാനം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴുള്ള ലാവ്ലിന്‍ കേസ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മുഖ്യമന്ത്രി നടത്തിയിട്ടുള്ള വഴിവിട്ട കച്ചവടങ്ങളുടെയും അഴിമതികളുടെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആളാണ് എം. ശിവശങ്കര്‍.മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശിവശങ്കറിലൂടെയാണ് സ്വര്‍ണ്ണകള്ളക്കടത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കിയത്. ഇരുപ്പത്തി രണ്ടാമത്തെ പ്രാവശ്യം ആണ് സ്വര്‍ണകള്ളക്കടത്ത് കസ്റ്റംസ് പിടിക്കുന്നത്.

സ്വപ്ന നല്‍കിയിട്ടുള്ള 164-സ്റ്റേറ്റ്‌മെന്റാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ അതിനുള്ളില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങള്‍ ഉണ്ട് എന്ന് വ്യക്തം. ആ സ്റ്റേറ്റ്‌മെന്റ് പരിശോധനക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എടുത്തിട്ടുണ്ട്.അതുപ്രകാരം കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണം. മുഖ്യമന്ത്രിയുടെ ചെയ്തികള്‍ക്കെതിരെ കേരള ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിക്കും.കേരള ഗവര്‍ണറിലൂടെ ഇന്ത്യന്‍ പ്രസിഡന്റിനും പരാതി സമര്‍പ്പിക്കും..