തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും
തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. ഇതിനായി തോട്ടം ഉടമകള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
തോട്ടം മേഖല പ്രതിസന്ധിയിലായിട്ട് ഏറെ വര്‍ഷങ്ങളായി. തോട്ടം തോട്ടമായും എസ്റ്റേറ്റുകള്‍ എസ്റ്റേറ്റുകളായും നിലനിര്‍ത്താനാകണം. കേരളത്തിന്റെ ഭൂപ്രകൃതിക്കും സമ്പദ് വ്യവസ്ഥയ്ക്കും അത് ആവശ്യമാണ്. പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കും. പ്രശ്‌ന പരിഹാരത്തിന് പ്ലാന്റേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം രാഷ്ട്രീയ പാര്‍ട്ടി, തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന നടപടി ഉണ്ടാകരുതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഇടുക്കിയില്‍ ഭൂരഹിതര്‍ക്കു ഭൂമി നല്‍കാനുളള തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ഐ.എന്‍.ടി.യു.സി നേതാവുമായ എ.കെ. മണി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്ത് ഷാള്‍ അണിയിച്ചു.
തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, ബി.എസ്. ബിജിമോള്‍ എം.എല്‍.എ, സംഘടനാ നേതാക്കളായ പി.എസ്. രാജന്‍, ലാലാജി ബാബു (സി.ഐ.ടി.യു). എച്ച് രാജീവന്‍ (എ.ഐ.ടി.യു.സി), ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.എല്‍.എ.മാരായ എ.കെ. മണി, പി.ജെ.ജോയ് (ഐ.എന്‍.ടി.യു.സി), എം.പി. ശശിധരന്‍ (ബി.എം.എസ്), ജി. ബേബി (യു.ടി.യു.സി), പി.പി.എ. കരീം (എസ്.ടി.യു) തോട്ടം ഉടമ പ്രതിനിധികളായ ബി. കരിയപ്പ, തോമസ് ജേക്കബ്, പോള്‍സണ്‍ കുര്യന്‍, ചെറിയാന്‍ എം. ജോര്‍ജ്ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.