തണ്ടറി പാക്കിസ്ഥാനായ കേരളം ; ടൈംസിന്‍റെ പരിഹാസവും ഏഷ്യാനെറ്റ് ചെയര്‍മാന്‍റെ ചിരിയും

കേരളത്തിനെ പാക്കിസ്ഥാനുമായി ഉപമിച്ചുകൊണ്ട് ടൈംസ് നൗ ചാനല്‍ വാര്‍ത്ത വിട്ടത് എല്ലാ മലയാളികളെയും ഒരു പോലെയാണ് ചൊടിപ്പിച്ചത്. പ്രതിഷേധം ശക്തമായപ്പോള്‍ ടൈപ്പ് ചെയ്തപ്പോള്‍ മാറിപ്പോയതാണെന്നും പറഞ്ഞ് ടൈംസ് നൗ ഇതിനെ ന്യായികരിക്കുകയും ചെയ്തു. എന്നാല്‍ ചാനലിന്റെ ചെയ്തിനെ ന്യായീകരിച്ച മലയാളികളുടെ എണ്ണവും കുറവല്ല.

കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ പടച്ചുവിടുന്ന ഉത്തരവുകള്‍ക്ക് തല കുമ്പിട്ടുനില്‍ക്കാതെ ന്യായത്തിന്റെ പക്ഷത്ത് നിന്നത് കൊണ്ട് തന്നെയാണ് കേരളത്തിനെ ഇങ്ങനെ പരിഹസിക്കുന്നത് എന്ന് വ്യക്തം. എന്നാല്‍ ചില മലയാളികളും ഇതിനെ അനുകൂലിക്കുന്നു എന്നതാണ് സത്യം. അത്തരത്തില്‍ എഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ ചെയര്‍മാനും എംപിയും എന്‍ഡിഎ കേരളഘടകം വൈസ് ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റര്‍ പ്രതികരണം പുറത്തുവന്നത്. ലക്ഷ്മി കാനത്ത് എന്ന സ്ത്രീയുടെ ട്വിറ്റര്‍ പോസ്റ്റിനെ അനുകൂലിച്ചു കൊണ്ടാണ് രാജീവ്‌ സ്മൈലി പോസ്റ്റ്‌ ചെയ്തത്. ചാനല്‍ പറഞ്ഞത് സത്യമാണ് എന്നാണ് അവര്‍ പോസ്റ്റ്‌ ചെയ്തത്. ഇങ്ങനെയൊരു പ്രതികരണം നടത്തിയതിനെതിരെ അതി രൂക്ഷമായ പ്രതികരണങ്ങളാണ് തുടര്‍ന്ന് വന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടകത്തെ പാകിസ്താന്‍ എന്ന് വിളിച്ചാല്‍ രാജീവ് ഇങ്ങനെ ചിരിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കേരളത്തെ പാകിസ്താന്‍ എന്ന് വിളിച്ചതിനെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന നിങ്ങളും കേരളത്തില്‍ നിന്നുള്ള ആളാണ്. അപ്പോള്‍ നിങ്ങളും പാകിസ്താനിയാണോ എന്നും ചോദ്യം ഉയരുന്നു.അതുപോലെ കേരളത്തെ ആക്ഷേപിക്കുന്നത് കണ്ട് ചിരിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നാണ് ശശി തരൂര്‍ ഇതിനോട് പ്രതികരിച്ചത്. ഇതൊരു അധിക്ഷേപം ആണെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കുന്നു.