ഫീസ് നിര്‍ണയത്തിന് പതിനൊന്നാം മണിക്കൂര്‍ വരെ കാത്തിരിക്കുന്നത് എന്തിന് ?.. സര്‍ക്കാരിനോട് ഹൈക്കോടതി
സ്വാശ്രയ ഓര്‍ഡിനന്‍സ് ഇറക്കുന്നതില്‍ കാല താമസം വരുത്തിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഓര്‍ഡിനന്‍സ് വൈകിയതില്‍ കോടതി അതൃപ്തി രേഖപെടുത്തുകയും ചെയ്തു. ഫീസ് നിര്‍ണയത്തിന് പതിനൊന്നാം മണിക്കൂര്‍ വരെ കാത്തിരിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ വര്‍ഷവും സര്‍ക്കാരിന് തെറ്റ് പറ്റിയത് തിരുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഫീസ് നിര്‍ണയത്തിന് കാലതാമസം ഉണ്ടായെന്ന് സര്‍ക്കാര്‍ അംഗീകരിച്ചു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ ഉണ്ടായതാണ് ഫീസ് നിര്‍ണയം വൈകാന്‍ കാരണം. സ്വാശ്രയ ഓര്‍ഡിനന്‍സ് പുതുക്കി ഉടന്‍ പ്രസിദ്ധീകരിച്ചുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗ സമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശന മേല്‍നോട്ടസമിതി ഫീസ് നിശ്ചയിച്ചതോടെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചു. ഇതോട സര്‍ക്കാര്‍ ആദ്യം ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയ സമിതിയെ പ്രത്യേകം വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. ഓര്‍ഡിനന്‍സില്‍ പിഴവ് വന്നതോടെ നേരത്തെ നിശ്ചയിച്ചിരുന്ന ഫീസ് അസാധുവായിരുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.