പുലിമുരുകന്‍ ത്രീഡി ഇന്ന് തിയ്യറ്ററിലെത്തില്ല; വിശദീകരണവുമായി ടോമിച്ചന്‍ മുളകുപാടം

മോഹന്‍ലാല്‍ നായകനായെത്തിയ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്‍ ത്രിഡിയുടെ റിലീസ് നീട്ടിവച്ചു. ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ റിലീസ് മാറ്റിവച്ചതായി ടോമിച്ചന്‍ മുളകുപാടം അറിയിച്ചു. സിനിമ നാളെ റിലീസിനെത്തും.

ഇതാദ്യമായാണ് വലിയ വിജയം നേടുന്ന സിനിമയുടെ ത്രിഡി പതിപ്പ് വീണ്ടും തിയ്യറ്ററുകളിലേയ്‌ക്കെത്തുന്നത്. മള്‍ടിപ്ലക്‌സ് പ്രേക്ഷകരെയാണ് സിനിമ ലക്ഷ്യമിടുന്നത്. വിഷ്വല്‍ ഇഫക്ടുകളാല്‍ സമ്പന്നമായ സിനിമയുടെ ത്രിഡി പതിപ്പ് നവ്യാനുഭവം ആകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

പുലിമുരുകന്റെ പുത്തന്‍ പതിപ്പിലൂടെ തിയറ്ററുകളില്‍ പുതു ചരിത്രം കുറിക്കപ്പെടുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ റീ റിലീസിലും ചരിത്രം രചിച്ച ചിത്രം എന്ന പേര് ‘മൈ ഡിയര്‍ കുട്ടിച്ചാത്തനുശേഷം’ പുലിമുരുകനെ തേടിയെത്തും.