കക്കാടം പൊയിലില്‍ : പഞ്ചായത്ത് പ്രസിഡന്റിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാല്‍

കോഴിക്കോട്: പി വി അന്‍വര്‍ എം.എല്‍.എ കക്കാടംപൊയിലില്‍ ആരംഭിച്ച അനധികൃത വാട്ട ര്‍തീം പാര്‍ക്കിന് അനുമതി നല്‍കിയ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാല്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധനീഷ് ലാല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഡി.സി.സി തീരുമാനത്തിനെതിരായി അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫിനെതിരെ നടപടി എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വംതയ്യാറാവണമെന്നും ധനീഷ് ലാല്‍ ആവശ്യപ്പെടുന്നു.

പഞ്ചായത്ത് പ്രസിഡന്റ് പദം പി. എസ്. സി നിയമനമല്ലെന്നും, ജനങ്ങളാണ് നിങ്ങളെ തിരഞ്ഞെടുത്തതെന്നു മറക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ധനീഷ് ലാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് നിലപാടാണ് താന്‍ ഫേസ് ബുക്കിലൂടെ വിശദീകരിച്ചിരിക്കുന്നത്‌. ഡി സി.സി. തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ച സോളി ജോസഫിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം. പ്രകൃതിയെ ചൂഷണം ചെയ്തുള്ള എം.എല്‍.എയുടെ നിയമ ലംഘനത്തിനെതിരെ   പ്രതിഷേധപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി, മുന്നോട്ടു പോകും ”  ധനീഷ് ലാല്‍ മലയാളി വിഷനോട് പറഞ്ഞു.

കൂടരഞ്ഞി കക്കാടം പൊയിലില്‍ ഇടത് സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്വറോ വാട്ടര്‍ തീം പാര്‍ക്കിന് പഞ്ചായത്ത് ഭരണസമതി നേരത്തെ പച്ചക്കൊടി കാണിച്ചിരുന്നു. ഇന്നലെ പ്രത്യേക ഭരണസമിതി യോഗത്തിലാണ് പാര്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭരണസമിതി അനുമതി നല്‍കിയത്. യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ ആറംഗങ്ങളുള്ള എല്‍ഡിഎഫും തീരുമാനത്തെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

തീം പാര്‍ക്ക് പൂട്ടാന്‍ ഉദ്ദേശമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ക്ക് നടത്താനാവശ്യമായ അഞ്ച് അനുമതി രേഖകള്‍ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍പൂട്ടുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി പിന്‍വലിച്ചെന്ന് വാര്‍ത്തകള്‍ വന്നതല്ലാതെ പഞ്ചായത്തിന് രേഖാമൂലം അറിയിപ്പ് കിട്ടിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അറിയിപ്പ് ലഭിച്ചാല്‍ ചട്ടപ്രകാരം നോട്ടീസ് നല്‍കും.

സ്വതന്ത്ര അംഗമായി വിജയിച്ച സോളി ജോസഫ് പ്രസിഡന്റായ കൂടരഞ്ഞി പഞ്ചായത്തില്‍ യുഡിഎഫിനും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഒരംഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫിനും ഏഴംഗങ്ങള്‍ വീതമാണുള്ളത്.

ധനീഷ് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പി വി അന്‍വര്‍ എം എല്‍ എ കക്കാടംപൊയിലില്‍ ആരംഭിച്ച വിവാദമായ വാട്ട ര്‍തീം പാര്‍ക്കിന് നല്‍കിയ അനുമതി പുനപരിശോധിക്കണമെന്ന ഡി സിസി പ്രസിഡന്റിന്റെ നിര്‍ദേശത്തെ മറച്ചു വെച്ച് അന്‍വറിന് അനുകൂലമായി ഇന്ന് മനോരമ ചാനലില്‍ കസര്‍ത്ത് നടത്തുകയും പാര്‍ക്കിന് അനുമതി നല്‍കുകയും ചെയ്ത കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് സോളി ജോസഫിനെതിരെനെതിരെ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. തൂക്ക് ഭരണം എന്ന ഓലപാമ്പിനെ കാണിച്ച് കോണ്‍ഗ്രസ്സിനെ വിറപ്പിക്കാമെന്ന് പ്രസിഡണ്ട് കരുതണ്ട .. അല്ലങ്കിലും ആര്‍ക്ക് വേണം പ്രകൃതി നശിപ്പിക്കുന്ന ഭരണം. പഞ്ചായത്ത് പ്രസിഡണ്ട് പദവി പി എസ് സി നിയമനമല്ലന്ന് ഓര്‍ത്താല്‍ നന്ന് ജനങ്ങളാണ് നിങ്ങളെ തിരഞെടുത്തത്.