പിണറായിക്ക് എതിരെ വിമാനത്തിലെ പ്രതിഷേധം ; യുവാവിനെതിരെ കാപ്പ ചുമത്താന്‍ നീക്കം

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പൊലീസിന്റെ നീക്കം. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഫര്‍സീന്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം. നിരവധി കേസുകളില്‍ പ്രതിയായതിനാലാണ് നടപടി എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

ശുപാര്‍ശ കളക്ടര്‍ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നല്‍കുന്ന സമിതിക്ക് അയക്കുകയും വേണം. കാപ്പ നിയമത്തിന്റെ പരിധിയില്‍ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറി. കാപ്പ ചുമത്താതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താന്‍ ഡിഐജി ഫര്‍സീന് നോട്ടീസ് നല്‍കി. മറുപടി കിട്ടിയശേഷം പൊലീസ് നേരിട്ട് ഫര്‍സീന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍നടപടി. എന്നാല്‍ വിമാന കേസ് തോറ്റതിലുള്ള പിണറായിയുടെ പ്രതികാര നടപടിയാണ് ഇതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.