പൃഥ്വിരാജിന്റെ സിനിമ ചിത്രീകരണത്തിനെതിരെ മൈസൂരില്‍ കോളേജ് അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍

പൃഥ്വിരാജിന്റെ സിനിമ ചിത്രീകരണത്തിനെതിരെ മൈസൂരിലും പ്രതിഷേധം. മൈസൂരുവിലെ മഹാരാജ കോളേജില്‍ നടക്കുന്ന പൃഥ്വിരാജ് നായകനായ ‘ജനഗണമന’ സിനിമ ചിത്രീകരണത്തിനെതിരെയാണ് അധ്യാപകരും വിദ്യാര്‍ഥികളും എതിര്‍പ്പുമായി രംഗത്തു വന്നത്. മൈസുരു സര്‍വകലാശാലക്ക് കീഴിലുള്ള കോളേജില്‍ ഞായറാഴ്ചയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. പ്രവൃത്തി ദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം തുടര്‍ന്നതാണ് അധ്യാപകരടക്കമുള്ളവരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. കോടതി രംഗമാണ് കാമ്പസില്‍ ചിത്രീകരിക്കുന്നത്. പണം ഈടാക്കി കോളേജില്‍ സിനിമ ചിത്രീകരണം സര്‍വകലാശാല അനുവദിക്കാറുണ്ട്.

അധ്യായന ദിവസം ചിത്രീകരണത്തിന് അനുമതി നല്‍കിയതിനെതിരെ അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ വിഷയം കോളേജിന്റെ പരിധിയില്‍പ്പെട്ടതല്ലെന്ന് പറഞ്ഞ പ്രിന്‍സിപ്പാള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. പൈതൃക കെട്ടിടമായ കോളേജില്‍ കന്നഡ, തമിഴ്, തെലുങ്ക് സിനിമകള്‍ ചിത്രീകരിക്കാറുണ്ട്. അതേസമയം കടുവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു പൃഥിവി ഇപ്പോള്‍ കേരളത്തിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമയുടെ ഷൂട്ടിങ് തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.