വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ; സര്‍ക്കാരിന് തിരിച്ചടി ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതിയുടെ ജാമ്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ രണ്ട് പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാള്‍ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദിനും, നവീന്‍ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. വിമാനത്താവള മാനേജര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വാക്കുതര്‍ക്കം എന്ന് മാത്രമാണുള്ളത്. പിന്നീട് നല്‍കിയ റിപ്പോര്‍ട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി നിരീക്ഷിച്ചു. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇവരെ മര്‍ദിച്ച് താഴെയിടുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു. 36 പേരാണ് കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റും സഹപൈലറ്റും രണ്ട് കാബിന്‍ ക്രൂവും ഉള്‍പ്പെടെ മൊത്തം 40 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി വധശ്രമത്തിനാണ് കേസടുത്തത്.
പ്രതികളെ ഇനിയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ല. പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണം. പാസ്‌പോര്‍ട്ട് ഹാജരാക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അല്ലാതെ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ തിരുവനന്തപുരം ജില്ലയില്‍ ജില്ലയില്‍ പ്രവേശിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയര്‍ത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായി. പിന്നാലെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം വിമാനത്തില്‍ സഞ്ചരിക്കവെ അതിനുള്ളില്‍ വെച്ചും മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് പ്രതിഷേധിച്ച മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തത്. എന്നാല്‍ വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് പ്രതികള്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയത്. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികള്‍ അറിയിച്ചു.

ഇതോടെ വിമാനത്തിന് അകത്തെ ദൃശ്യം റെക്കോര്‍ഡ് ചെയ്യാന്‍ സംവിധാനം ഉണ്ടോ എന്ന് കോടതി ചോദിച്ചു. സിസിടിവി ലഭിച്ചാല്‍ പരിശോധിക്കാം എന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ ഈ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ടല്ലോ എന്നും ഒരു ഘട്ടത്തില്‍ കോടതി ചോദിച്ചു. എന്നാല്‍ ചെറു വിമാനം ആയതിനാല്‍ സി സി ടി വി യില്ലെന്ന് എന്ന് ഡിജിപി വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ മാറ്റിയതായിരിക്കാം എന്ന് മൂന്നാം പ്രതി സുജിത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മൂന്ന് പ്രതികളും നേരെത്തെ പദ്ധതി ഇട്ടിരുന്നതായി ഡിജിപി വാദിച്ചു. വിമാനം ഇറങ്ങുന്നതിനു മുന്‍പ് മൂന്ന് പേരും നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് മൊഴി ഉണ്ട്. നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ചു പ്രതികള്‍ അടുത്തേക്ക് വന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റല്‍ രേഖകളുമുണ്ട്. പ്രതികളുടെ അക്രമത്തില്‍ സുരക്ഷ ജീവനക്കാരന് പരിക്കേറ്റു. മൂന്ന് പേരും 13-ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. മൂന്ന് പേരും നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു.ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഡിജിപി വാദിച്ചു. എന്നാല്‍ ഇതെല്ലം തള്ളിയ കോടതി ഒടുവില്‍ ജാമ്യം നല്‍കുകയായിരുന്നു.