മലപ്പുറത്ത് കെ സുധാകരന്റെ പരിപാടിയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് ; പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

ഇടുക്കിയില്‍ എസ് എഫ് ഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ ക്യാമ്പസുകളിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. മലപ്പുറത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷനിലേക്ക് എസ് എഫ് ഐ, ഡി.വൈ.എഫ്.ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ആദ്യം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ചെറിയതോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഇതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

പിന്നാലെ ഡിവൈഎഫ് ഐ – സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥ കൂടി. പൊലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവര്‍ത്തകരെയും മാറ്റി. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്. രണ്ട് വിഭാഗവും രണ്ട് സ്ഥലത്തായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുകയാണ്. സംഘര്‍ഷാവസ്ഥ പൂര്‍ണമായും മാറിയിട്ടില്ല.

അതേസമയം, ധീരജിന്റെ കൊലപാതകത്തെ യൂത്ത് കോണ്‍ഗ്രസ് അപലപിച്ചു. പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എസ് നുസൂര്‍ പറഞ്ഞു. കൊലപാതകത്തിന്റെ പേരില്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐ.യും അക്രമം അഴിച്ചുവിടുകയാണെന്നും നുസൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.