ഗവര്‍ണര്‍ ഡിജിപിയെ വിളിച്ച് കര്‍ശന നിര്‍ദേശം നല്‍കി; ഒടുവില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ കര്‍ശന വകുപ്പായ ഐപിസി 124 കൂടി ചേര്‍ത്ത് പൊലീസ്. ഗവര്‍ണര്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ കര്‍ശന വകുപ്പുകള്‍ ചേര്‍ത്തത്. ഗവര്‍ണ്ണറുടെ കാറിന് മേല്‍ ചാടിവീണിട്ടും താരതമ്യേനെ ദുര്‍ബല വകുപ്പുകളായിരുന്നു ആദ്യം എഫ്ഐആറില്‍ ചേര്‍ത്തത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഒടുവില്‍ കൂടുതല്‍ കര്‍ശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്. ഗവര്‍ണ്ണറുടെ ഔദ്യോഗിക വാഹനത്തില്‍ ഇടിച്ച കാര്യം പോലും പറയാതെയായിരുന്നും ആദ്യം എഫ്ഐആര്‍ ഇട്ടത്. ഇതേതുടര്‍ന്ന് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ഗവര്‍ണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ വകുപ്പു ചേര്‍ത്തത്.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷയുള്ള രണ്ടുപേരാണ് മുഖ്യമന്ത്രിയും ഗവര്‍ണറും. മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ പെരുമ്പാവൂരില്‍ കെഎസ്.യുക്കാര്‍ ഷൂ എറിഞ്ഞപ്പോള്‍ ചുമത്തിയത് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ വാഹനം തടഞ്ഞിട്ട്, വാഹനത്തില്‍ ഇടിക്കുകയും ഇരച്ചെത്തുകയും ചെയ്ത എസ്എഫ്ഐക്കാര്‍ക്കെതിരെ ഇത്തരം വകുപ്പുകളൊന്നുമില്ലാതെയായിരുന്നു പൊലീസിന്റെ എഫ്ഐആര്‍.കലാപാഹ്വാനം, ഗവര്‍ണ്ണറെ കരിങ്കോടി കാണിച്ചു, ഗതാഗതം തടസ്സപ്പെടുത്തി, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപെടുത്തി എന്നിവ മാത്രമായിരുന്നു കുറ്റങ്ങള്‍.

ഒടുവില്‍ കൂടുതല്‍ ശക്തമായ ഐപിസി 124 ചുമത്തണമെന്ന് ഗവര്‍ണര്‍ തന്നെ ചീഫ് സെക്രട്ടറിയോയും ഡിജിപിയോടും ആവശ്യപ്പെട്ടതോടെയാണ് പൊലീസ് നിലപാട് മാറ്റിയത്. രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരെ വഴിയില്‍ തടഞ്ഞാലോ ഉപദ്രവിക്കാന്‍ ശ്രമിച്ചാലോ ചുമത്തുന്നതാണ് 124. ഏഴ് വര്‍ഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. പാളയത്ത് ഗവര്‍ണറുടെ കാറിലടിച്ച 7 പേര്‍ക്കെതിരെയാണ് കന്റോണ്‍മെനറ് പൊലീസ് 124 ആം വകുപ്പ് ചുമത്തുന്നത്. ആകെ പിടിയിലായത് 19 പേരില്‍ 12 പേര്‍ക്കെതിരായാണ് ജാമ്യമില്ലാ കുറ്റം. രാജ്ഭവനിലെ സെക്യൂരിറ്റി ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയാണ് പുതിയ വകുപ്പ് ചേര്‍ത്തത്. ഇതിനിടെ പൊലീസ് ഗവര്‍ണ്ണറുടെ യാത്രാ വിവരം ചോര്‍ത്തി എസ്എഫ്ഐക്ക് നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

മുന്‍കൂട്ടി ആഹ്വാനം ചെയ്ത പ്രതിഷേധം എന്ന നിലക്ക് കൂടിയാണ് ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ സമരത്തെ സിപിഎം ന്യായീകരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് സമരം മുന്‍കൂട്ടി ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് സിപിഎം വാദം പക്ഷെ ഇത് യൂത്ത് കോണ്‍ഗ്രസ് തള്ളുകയാണ്. നവകേരള സദസ്സിനിടെ സമരം കണക്കിലെടുത്ത് കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെച്ചതോടെ പ്രതിഷേധ ആഹ്വാനം നടത്തിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശദീകരണം.