നീറ്റ് പരീക്ഷാ വിവാദം; പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ്

നീറ്റ് പരീക്ഷ വിവാദത്തില്‍ കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് പൊലീസ്. കോളജിന്റെ ജനല്‍ച്ചില്ലകള്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തിരുന്നു. മാത്രമല്ല സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. വീക്ഷണം പത്രത്തിന്റെ ലേഖകനാണ് പരുക്കേറ്റത്. പൊലീസ് പ്രതിഷേധക്കാരെ ക്യാമ്പസില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയാണ്. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് വിദ്യാര്‍ത്ഥികള്‍ അകത്തുകയറിയത്. കല്ലേറില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോണ്‍?ഗ്രസ്, എ.ബി.വി.പി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി കോളജിലെത്തിയത്.

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊല്ലം റൂറല്‍ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. കൊല്ലം ആയൂരിലെ കോളജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആയൂരിലെ കോളജില്‍ പരീക്ഷക്കെത്തിയ എല്ലാ പെണ്‍കുട്ടികളുടെയും അടിവസ്ത്രമഴിച്ചെന്ന് പരാതിയുണ്ട്.