മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം ; അറസ്റ്റിലായവര്‍ എസ്എഫ്‌ഐ, കെഎസ് യു നേതാക്കള്‍

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ എസ്എഫ്‌ഐ, കെഎസ് യു നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി 11 ബാറ്ററികളും 2 പ്രൊജക്ടറുകളും മോഷണം പോയിരുന്നു. കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി പതിനൊന്ന് ബാറ്ററികളും രണ്ട് പ്രോജക്ടറുകളുമാണ് കഴിഞ്ഞയാഴ്ട കാണാതായത്.

തിങ്കളാഴ്ചയാണ് കോളേജ് പ്രിന്‍സിപ്പല്‍ പൊലീസിന് പരാതി നല്‍കിയത്. ഇതേ കോളേജില്‍ പഠിക്കുന്ന ആറ് പേരും ഒരു പൂര്‍വ വിദ്യാര്‍ത്ഥിയുമാണ് പ്രതികള്‍. ഇതില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ് യു യൂണിറ്റ് പ്രസിഡന്റും ഉള്‍പ്പെടും. മോഷ്ടിച്ച ബാറ്ററികള്‍ പ്രതികള്‍ ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. ആ പണം മുഴുവന്‍ അന്ന് തന്നെ ചെലവഴിച്ചെന്നും പൊലീസ് പറഞ്ഞു. മോഷണം പോയ പ്രൊജക്ടറുകള്‍ കണ്ടെത്തിയില്ല. കേസില്‍ ഉള്‍പ്പെട്ട യൂണിറ്റ് സെക്ടട്ടറി വിക്ടര്‍ ജോണ്‍സണെയും മറ്റ് മൂന്ന് പ്രവര്‍ത്തകരെയും പുറത്താക്കിയെന്ന് എസ്എഫ്‌ഐ മലപ്പുറം ഏരിയാ കമ്മിറ്റി അറിയിച്ചു.