നീറ്റ് പരീക്ഷ അത്രയ്ക്ക് നീറ്റ് അല്ല ; കൊല്ലത്ത് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു

കൊല്ലം : നീറ്റ് പരീക്ഷയില്‍ ദുരനുഭവം വിവരിച്ച് വിദ്യാര്‍ത്ഥിനികള്‍. കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നടന്ന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചത് അടിവസ്ത്രം മാറ്റിച്ചതിന് ശേഷമെന്നാണ് പരാതി. ദുരനുഭവം നേരിട്ട വിദ്യാര്‍ത്ഥിനി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്. പ്രവേശന കേന്ദ്രത്തില്‍ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ നടപടി മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

താഴെ നിന്ന് രണ്ട് നിലകള്‍ ഇത്തരത്തില്‍ നടന്ന് കയറിയാണ് ഇവര്‍ ആണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള പരീക്ഷാഹാളിലേക്ക് എത്തിയത്. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. മെറ്റല്‍ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.

പരീക്ഷയ്ക്ക് പോയ ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ പ്രതികരണം :

‘കഴിഞ്ഞ വര്‍ഷം ഈ പരീക്ഷ എഴുതിയതാണ്. ഇത്തവണ റിപ്പീറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങള്‍ കുട്ടിക്ക് അറിയാമായിരുന്നു. മെറ്റല്‍ ഡിടക്ടര്‍ ചെസ്റ്റിന്റെ അടുത്തേക്ക് വന്നപ്പോള്‍ ബീപ് സൗണ്ട് ഉണ്ടായി. അപ്പോള്‍ മകള്‍ പറഞ്ഞപ്പോള്‍ അടിവസ്ത്രത്തിന്റെ ഹുക്കാണ്, അത് പ്ലാസ്റ്റിക് ആയിരുന്നു. എന്നിട്ടും ബീപ് സൗണ്ട് അടിച്ചു. പക്ഷേ പ്ലാസ്റ്റിക് ആണെന്ന് അവര്‍ കണ്ട് ബോധ്യപ്പെട്ടിട്ടും, അടിവസ്ത്രം അഴിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. വസ്ത്രം മാറ്റാന്‍ ഒരു ഇടുങ്ങിയ മുറിയിലേക്കാണ് കൊണ്ടുപോയത്. ഒരേ സമയം പത്ത്-പന്ത്രണ്ട് കുട്ടികളാണ് അവിടെ നിന്നത്. പല കുട്ടികളും അഴിച്ച് മാറ്റാന്‍ സാധിക്കാതെ നിസഹായരായി കരയുകയായിരുന്നു.

ചില കുട്ടികള്‍ അഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങാന്‍ പറ്റാതെയും നില്‍കുന്നുണ്ടായിരുന്നു. നീറ്റ് ചട്ടം പാലിച്ചുള്ള പുതിയ വസ്ത്രമാണ് മകള്‍ ധരിച്ചിരുന്നത്. രണ്ടാം നിലയിലായിരുന്നു പരീക്ഷാ ഹാള്‍. ഹാളില്‍ പുരുഷന്മാരായിരുന്നു ഇന്‍വിജിലേറ്റേഴ്സ്. പരീക്ഷ കഴിഞ്ഞ പെണ്‍കുട്ടി പറഞ്ഞത് ഇത്തവണ അവസരം ലഭിച്ചില്ലെങ്കിലും ഇനി നീറ്റ് ഒരിക്കലും നീറ്റ് പരീക്ഷ എഴുതില്ലെന്ന്’- അച്ഛന്‍ പറഞ്ഞു. മറ്റൊരു പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതിക്കാരിയുടെ പിതാവിനോട് പറഞ്ഞത് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയെ പെണ്‍കുട്ടി മുറിയടച്ച് ഇരിക്കുകയാണെന്നും, അമ്മ പുറത്ത് കാവലിരിക്കുകയാണെന്നുമാണ്.

അതേസമയം നീറ്റ് പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞ സംഭവവും ഉണ്ടായി. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ കോട്ടയില്‍ മോഡി കോളജില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ പ്രവേശന കവാടത്തില്‍ തടയുകയും ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് നിന്ന പൊലീസുകാരും വിദ്യാര്‍ത്ഥികളും വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളറെ വിളിച്ചുവരുത്തി, പരീക്ഷയ്ക്കിടെ ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങളുണ്ടായാല്‍ തന്റേത് മാത്രമായിരിക്കും ഉത്തരവാദിത്തമെന്ന് എഴുതി ഒപ്പിട്ട ശേഷമാണ് വിദ്യാര്‍ത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തര്‍ക്കത്തിന് ശേഷം കോട്ടയില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചെങ്കിലും മഹാരാഷ്ട്രയിലെ വാഷിമില്‍, പരിശോധനയ്ക്കായി വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ഹിജാബ് മാറ്റിപ്പിച്ചെന്നും പരാതിയുണ്ട്. പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് ആറോളം വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.